മലപ്പുറത്തെ വെള്ളപ്പൊക്കം കുറഞ്ഞുതുടങ്ങി; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ

പൊന്നാനി അങ്ങാടിയിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോൾ.

മലപ്പുറം∙ പുഴകൾ കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിനു ജില്ലയിൽ അറുതിയായി തുടങ്ങി. റോഡുകളിൽനിന്നു വെള്ളം ഒഴിഞ്ഞതിനാൽ പല മേഖലകളിലും ഗതാഗതം പുനസ്‌ഥാപിച്ചു. പുഴയോരങ്ങളോടു ചേർന്ന താഴ്‌ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിൽ തന്നെയാണ്. വെള്ളം ഇറങ്ങി തുടങ്ങിയത് ആശ്വാസമായി. മഴയ്‌ക്കും കുറവു വന്നിട്ടുണ്ട്. താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിൽ തന്നെയാണ്.

കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ മലപ്പുറത്ത് കിഴക്കേത്തലയിലും കോട്ടപ്പടിയിലുമുണ്ടായ വെള്ളക്കെട്ട് നീങ്ങി. മഞ്ചേരി ഭാഗത്തേക്കും കോട്ടയ്‌ക്കൽ ഭാഗത്തേക്കും വാഹനങ്ങൾ ഓടിത്തുടങ്ങി. കോട്ടയ്‌ക്കൽ തിരൂർ റൂട്ടിൽനിന്നു പൂർണമായി വെള്ളം ഇറങ്ങിയിട്ടില്ല. ദേശീയപാതയിൽ മലപ്പുറത്തിനും പെരിന്തൽമണ്ണയ്‌ക്കുമിടയിൽ കൂട്ടിലങ്ങാടിക്കും കീരൻകുണ്ടിനുമിടയിൽ വെള്ളം ഒഴിഞ്ഞിട്ടില്ല. മഞ്ചേരി ആനക്കയം വഴിയാണ് പാലക്കാട് ബസ്സുകൾ സർവീസ് നടത്തുന്നത്.

കോട്ടയ്‌ക്കൽ പുത്തൂർ ചെനയ്‌ക്കൽ ബൈപാസിൽ വെള്ളമുണ്ട്. വളാഞ്ചേരി പട്ടാമ്പി റൂട്ടിൽ ഗതാഗതം പുനസ്‌ഥാപിച്ചു. പെരിന്തൽമണ്ണയിൽ എല്ലാം സാധാരണ നിലയിലായി. ഭാരതപ്പുഴയിൽ ജലനിരപ്പ് കുറയാൻ തുടങ്ങിയതോടെ കുറ്റിപ്പുറം ബസ് സ്‌റ്റാൻഡിൽനിന്നു വെള്ളമൊഴിഞ്ഞു. പച്ചക്കറി വണ്ടികൾ എത്തി തുടങ്ങിയതിനാൽ സാധനങ്ങൾക്കുള്ള ക്ഷാമവും പരിഹരിക്കപ്പെട്ടു വരികയാണ്. പാൽ വിതരണവും പുനരാരംഭിച്ചു. ഇന്ധന ടാങ്കുകൾ എത്തി തുടങ്ങിയിട്ടില്ലാത്തതിനൽ ഇന്ധന ക്ഷാമം തുടരുന്നു. പല സ്‌ഥലങ്ങളിലും വൈദ്യുതി പുനസ്‌ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

മഴ, ജലനിരപ്പ്

∙ ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരത്തിലുൾപ്പെടെ മഴ കുറവ്. നിലമ്പൂർ, പെരിന്തൽമണ്ണ, ഏറനാട്, പൊന്നാനി താലൂക്കുകളിൽ വെള്ളമിറങ്ങിത്തുടങ്ങി.  തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സ്ഥിതി രൂക്ഷമായിരുന്ന തിരൂർ പുറത്തൂർ, മംഗലം എന്നിവിടങ്ങളിൽ ജലനിരപ്പിൽ നേരിയ കുറവ്.

കെഎസ്ആർടിസി

∙ കെഎസ്ആർടിസി കോഴിക്കോട് – മലപ്പുറം – പാലക്കാട് ബസുകൾ ആനക്കയം കാട്ടുങ്ങൽ വഴി ഓടുന്നു. തിരൂരിലേക്ക് ബസ് ഇല്ല. തൃശൂരിലേക്ക് പെരിന്തൽമണ്ണയിൽനിന്ന് ഷൊർണൂർ, വടക്കാഞ്ചേരി വഴി സർവീസ്. 

ഗതാഗതം

∙ കോഴിക്കോട് – തൃശൂർ പാതയുടെ മലപ്പുറം ജില്ലയിലെ ഭാഗങ്ങളിൽ (സംസ്ഥാനപാത, ദേശീയപാത–66) ഗതാഗതതടസ്സമില്ല. പൊന്നാനി, തിരൂർ വഴിയുള്ള എറണാകുളം – കോഴിക്കോട് തീരദേശപാതയിൽ ഗതാഗതം സാധ്യമല്ല. മലപ്പുറം – പെരിന്തൽമണ്ണ റൂട്ടിൽ കൂട്ടിലങ്ങാടിയിൽ വെള്ളക്കെട്ടുള്ളതിനാൽ വാഹനങ്ങൾ കടത്തിവിടുന്നില്ല. മലപ്പുറം – കോഴിക്കോട് റൂട്ടിലും തിരൂർ – കുറ്റിപ്പുറം റൂട്ടിലും ഗതാഗതം പുനഃസ്ഥാപിച്ചു. മലപ്പുറം – മഞ്ചേരി റൂട്ടിൽ കാട്ടുങ്ങൽ വഴിയും പടിഞ്ഞാറ്റുമുറി വഴിയും ഗതാഗതം സാധ്യമാണ്. പൊന്നാനിയിലെ ഉൾനാടൻ റൂട്ടുകളിൽ വാഹനങ്ങൾ ഓടിത്തുടങ്ങി. വളാഞ്ചേരി – പട്ടാമ്പി റൂട്ടിൽ വാഹനങ്ങൾ ഓടുന്നു. 

വിമാനത്താവളം

∙ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഇപ്പോൾ ഗതാഗതതടസ്സമില്ല. മലപ്പുറം–കോഴിക്കോട് റോഡിൽ കിഴക്കേത്തല, വാറങ്കോട് ഭാഗത്ത് വെള്ളക്കെട്ടുള്ളതിനാൽ മുണ്ടുപറമ്പ് ബൈപ്പാസ് റോഡ് വഴി ദേശീയപാതയിലെത്താം. രാമനാട്ടുകരയിൽനിന്ന് ദേശീയപാതയിലൂടെ വിമാനത്താവളത്തിലേക്കെത്താനുള്ള തടസ്സം ഇപ്പോഴില്ല. കൊണ്ടോട്ടി പുളിക്കൽ ഭാഗത്ത് ദേശീയപാതയിൽനിന്ന് വെള്ളം ഇറങ്ങിയതോടെ പ്രധാന തടസ്സം നീങ്ങി. തൃശൂർ–കോഴിക്കോട് ദേശീയപാതയിൽ കൊളപ്പുറം, കുന്നുംപുറം വഴി വിമാനത്താവളത്തിലേക്ക് എത്തുന്നതിനുള്ള തടസ്സങ്ങളും ഇപ്പോഴില്ല. ഇന്നലെ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളും സമയക്രമം പാലിച്ചു. സേനാവിമാനങ്ങൾ ഇറങ്ങി. വിമാനത്താവളത്തിലെ പ്രീപെയ്‌ഡ് ടാക്‌സികൾ ഓടുന്നു. 

മരണം, കാണാതായവർ

∙ തിരൂരങ്ങാടി മൂന്നിയൂർ കളിയാട്ടമുക്ക് കോയിപ്പറമ്പത്ത് മലയിൽ മൊയ്തീൻകുട്ടിയുടെ മകൻ ഹനാൻ (ആറ്) വീടിനോട് ചേർന്നുള്ള വെള്ളക്കെട്ടിൽ വീണു മരിച്ചു. കഴിഞ്ഞ ദിവസം സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നതിനിടെ ചെറിയ ട്യൂബ് ഡിങ്കി മറിഞ്ഞ് കാണാതായ തിരൂരങ്ങാടി ചുള്ളിക്കുന്ന് പൂക്കയിൽ ഫസലുറഹ്‌മാന്റെ (26) മൃതദേഹം കണ്ടെത്തി. കൊടിഞ്ഞിയിൽനിന്നു കാണാതായ കുട്ടിയെ കണ്ടെത്താനായില്ല. 

ക്യാംപുകൾ

∙ 143 ക്യാംപുകളിലായി 22,000 േപർ. തിരൂർ മംഗലം, പുറത്തൂർ ഭാഗങ്ങളിൽ വെള്ളം ഒഴിഞ്ഞ ഭാഗങ്ങളിലുള്ള ഏതാനും വീട്ടുകാർ ക്യാംപുകളിൽനിന്നു തിരിച്ചുപോയി. പൊന്നാനിപ്പുഴയിൽനിന്ന് പുറത്തൂരിൽ ഇന്ന് വീണ്ടും വെള്ളം കയറി.  പാടത്തുനിന്ന് വെള്ളം കയറിയതോടെ തലക്കാട് പ്രദേശത്തുള്ളവരെ ക്യാംപിലേക്കു മാറ്റി. എൻഡിആർഎഫ്, ഇടിഎഫ്, പൊലീസ് സേവനം തുടരുന്നു. 

ഫോൺ

∙ മലപ്പുറം കെഎസ്ആർടിസി: 0483 2734950

∙ മലപ്പുറം ദുരന്തനിവാരണ വിഭാഗം കൺട്രോൾ റൂം: 0483 2736320