തണ്ണീർമുക്കം ബണ്ടിന്റെ മധ്യത്തിലുള്ള മൺചിറ പൊളിച്ചു നീക്കാതെ കരാറുകാരൻ മുങ്ങി

ആലപ്പുഴ∙ തണ്ണീർമുക്കം ബണ്ടിന്റെ മധ്യത്തിലുള്ള മൺചിറ 50 മീറ്റർ വീതം പൊളിച്ചു നീക്ക‍ണമെന്ന നിർദേശം പാലിക്കാതെ കരാറുകാരൻ മുങ്ങി. കരാറുകാരന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനെത്തുടർന്ന് മൺചിറയുടെ കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ ഇറിഗേഷൻ വകുപ്പ് കുഴങ്ങി. മൺചിറയുടെ അടിയിലുള്ള ഷീറ്റ് പൈലിങ് പൊളിക്കുന്നതിനുള്ള ഉപകരണം കരാറുകാരന്റെ പക്കലാണ്.

ഇതിനെത്തുടർന്ന് ഇറിഗേഷൻ വകുപ്പ് സ്വന്തമായി മണ്ണുമാന്തിയന്ത്രം വാടകയ്ക്കെടുത്ത് തണ്ണീർമുക്കം ബണ്ടിലെ മണ്ണു നീക്കം ചെയ്യാൻ തുടങ്ങി. ഏഴു യന്ത്രങ്ങളാണ് ഒരേസമയം പ്രവർത്തിക്കുന്നത്. ഇന്നു രാവിലെ തുടങ്ങേണ്ടിയിരുന്ന പ്രവർത്തനം കരാറുകാരൻ എത്താത്തതിനെത്തുടർന്നു വൈകുകയായിരുന്നു. 50 മീറ്റർ മൺചിറയാണു നീക്കം ചെയ്യുന്നത്.

ഇന്നലെ ഷട്ടർ ഉയർത്തിയെങ്കിലും തോട്ടപ്പള്ളി സ്പിൽവേയിലൂടെ പ്രതീക്ഷിച്ച വേഗത്തിൽ വെള്ളം ഇറങ്ങാത്തതിനാൽ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു. കുട്ടനാട്ടിൽ കഴിഞ്ഞ ദിവസത്തെക്കാൾ ജലനിരപ്പ് ഒരടിയോളം ഉയർന്നിട്ടുണ്ടെന്നാണു റിപ്പോർട്ട്.