ട്രെയിന്‍, ബസ് സര്‍വീസുകള്‍ ചിലയിടങ്ങളില്‍ പുനഃസ്ഥാപിച്ചു

കോട്ടയം∙ പ്രളയത്തില്‍ താറുമാറായ ട്രെയിന്‍, ബസ് സര്‍വീസുകള്‍ സംസ്ഥാനത്തു ചിലയിടങ്ങളില്‍ പുനസ്ഥാപിച്ചു. ആവുന്നത്ര ഇടങ്ങളില്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. എറണാകുളം കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. തിരുവനന്തപുരത്തുനിന്നു വിമാനസര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്. എന്നാല്‍ വെള്ളം കയാറാതെ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന പലയിടങ്ങളിലും ഇപ്പോള്‍ ശക്തമായ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. 

കെഎസ്ആര്‍ടിസി

കനത്ത മഴയെത്തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ഇന്ന് ഓപ്പറേറ്റ് ചെയ്തത് 2,598 സര്‍വീസുകളാണ്. സാധാരണ ദിവസങ്ങളില്‍ 5,500 സര്‍വീസുകളാണ് നടത്തുന്നത്. ഇന്ന് നടത്തിയ സര്‍വീസുകള്‍: സൗത്ത് സോണ്‍ - 1,394 സെന്‍ട്രല്‍ സോണ്‍ - 409, നോര്‍ത്ത് സോണ്‍ - 795. 176 ബസുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. റാന്നി, മല്ലപ്പള്ളി, പിറവം, എടത്വ, ചാലക്കുടി, കട്ടപ്പന, ആലുവ, ചങ്ങനാശേരി, അങ്കമാലി ബസ് സ്റ്റേഷനുകള്‍ വെള്ളത്തില്‍ മുങ്ങി. 15 ബസ് സ്റ്റേഷനുകളില്‍ വെള്ളം കയറി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പല സ്ഥലങ്ങളിലും സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ്.

പ്രളയക്കെടുതി രൂക്ഷമായ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ വരെ തിരുവനന്തപുരം ഡിപ്പോയിൽനിന്നു കൂടുതൽ സർവീസ് നടത്തുന്നതായി കെഎസ്ആർടിസി. ഈ ജില്ലകളിലൂടെയുള്ള ദീർഘദൂര സർവീസുകൾ നടത്താൻ കഴിയാത്തതിനാൽ ബസുകൾക്ക് എത്തിപ്പെടാൻ പറ്റുന്ന സ്ഥലങ്ങൾ വരെയും അവിടെനിന്നു തിരിച്ചും കൂടുതൽ സർവീസുകൾ നടത്തുന്നുണ്ടെന്ന് ഓപ്പറേഷൻസ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടർ ജി. അനിൽകുമാർ അറിയിച്ചു.

∙ തിരുവനന്തപുരം - ആലപ്പുഴ - എറണാകുളം റൂട്ടിൽ എറണാകുളം വരെയും തിരുവനന്തപുരം - കോട്ടയം റൂട്ടിൽ കൊട്ടാരക്കര വരെയും ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ പോകുന്നുണ്ട്. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിലേക്കുള്ള ബസുകൾ അടൂരിൽ യാത്ര അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.  

∙ എറണാകുളത്തുനിന്നു തൃശൂരിലേക്കുളള  ഗതാഗതം പുനസ്ഥാപിക്കുന്നു. കളമശേരിയിൽനിന്നു അങ്കമാലിയിലേക്കു ടിപ്പറുകളിലും ട്രക്കുകളിലാണു ആളുകളെ എത്തിക്കുന്നത്. അങ്കമാലിയിൽ നിന്നു തൃശൂരിലേക്കു കെഎസ്ആർടിസി സർവീസ് നടത്തുന്നു.

∙ തൃശൂര്‍ - പാലക്കാട് റൂട്ടില്‍ ഓരോ അരമണിക്കൂറിലും കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍നിന്നു സര്‍വീസ് നടത്തുന്നുണ്ടെന്നു ഡിടിഒ അറിയിച്ചു. ഷൊര്‍ണൂര്‍ ഒറ്റപ്പാലം വഴിയാണു സര്‍വീസ്. മൂന്നുമണി വരെ 10 സര്‍വീസുകള്‍ നടത്തി. രാത്രി ഷൊര്‍ണൂര്‍ പാലം വഴി വാഹനം കടത്തിവിടാന്‍ കഴിയാത്ത അവസ്ഥയുണ്ട്. രാത്രി എട്ടിനും ഒന്‍പതിനും തൃശൂരില്‍നിന്നു ബെംഗളൂരു സര്‍വീസുണ്ട്. 

∙ തൃശൂര്‍ - എറണാകുളം പാതയില്‍ അങ്കമാലി വരെ മാത്രം സര്‍വീസ് നടത്തുന്നുണ്ട്. ഇതുവരെ മുപ്പതോളം സര്‍വീസ് നടത്തി. 

∙ കോഴിക്കോട്ടേക്കു വടക്കാഞ്ചേരി കുന്നംകുളം വഴിയാണു സര്‍വീസ് നടത്തുന്നത്. ഇതുവരെ പതിനഞ്ചോളം സര്‍വീസ് നടത്തി. 

∙ കൊടുങ്ങല്ലൂര്‍, കാഞ്ഞാണി റൂട്ടുകളില്‍ സര്‍വീസ് പൂര്‍ണമായും നിലച്ചു.

∙ കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ആകെയുള്ള 112 സർവീസുകളിൽ 68 എണ്ണം മാത്രമേ സർവീസ് നടത്തുന്നുള്ളൂ. കൊല്ലം ഡിപ്പോയിൽ ആകെയുള്ള 75 സർവീസുകളിൽ തെങ്കാശിക്കുള്ള ഏഴ് സർവീസുകള്‍ റദ്ദാക്കി. 

കര്‍ണാടക ആര്‍ടിസി

കര്‍ണാടക ആര്‍ടിസി കോഴിക്കോട് ഭാഗത്തേക്കു നിര്‍ത്തിവച്ചിരുന്ന ബസ് സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു. ഇന്നു രാത്രി എട്ടിനും 10.30നും ഇടയില്‍ അഞ്ചു ബസുകളാണ് ബെംഗളൂരുവില്‍ നിന്നു പുറപ്പെടുക. വൈകിട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ സേലം വഴി പാലക്കാട്ടേക്ക് ആറു സര്‍വീസുകളുമുണ്ടാകും. ഇവയിലെല്ലാം ആവശ്യത്തിനു ടിക്കറ്റുകള്‍ ലഭ്യമാണ്. പാലക്കാട്, കോഴിക്കോട് ഒഴികെ കേരളത്തിലേക്കുള്ള മറ്റു സര്‍വീസുകളെല്ലാം റദ്ദാക്കിയതായും കര്‍ണാടക ആര്‍ടിസി അറിയിച്ചു. 

ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതവും താറുമാറായി തുടരുകയാണ്. യശ്വന്ത്പുര്‍-കണ്ണൂര്‍(16526-27), ബെംഗളൂരുകണ്ണൂര്‍-കാര്‍വാര്‍(16511-13), ബെംഗളൂരു-കന്യാകുമാരി(16525-26) ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി(12677-78) കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും. കേരള ആര്‍ടിസിയും കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ കോഴിക്കോട്ടേക്കും ദിണ്ടിഗല്‍, തിരുനെല്‍വേലി വഴി തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്.

ട്രെയിന്‍ 

∙ കായംകുളം - കോട്ടയം - എറണാകുളം പാതയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ട്രെയൽ റൺ ഉടൻ നടത്തും. ഈ പാതയിലെ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. 

∙ പാലക്കാടുനിന്നു കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. 

∙ എറണാകുളം - കാരിക്കല്‍ എക്‌സ്പ്രസ് നാളെ പുലർച്ചെ 1.40നു പാലക്കാടുനിന്നു സര്‍വീസ് ആരംഭിക്കും. 

∙ മംഗളൂരു - ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12686) പാലക്കാടുനിന്ന് ഇന്നു രാത്രി 10.15നു സര്‍വീസ് ആരംഭിക്കും.

∙ തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാത്രി 12.45നു പാലക്കാടുനിന്ന് സര്‍വീസ് ആരംഭിക്കും.

∙ തിരുവനന്തപുരത്തുനിന്നു ഹൗറയിലേക്കുളള സ്‌പെഷല്‍ ട്രെയിന്‍ വൈകിട്ട് അഞ്ചിനു പുറപ്പെടും. ഈ ട്രെയിനിനു റിസര്‍വേഷന്‍ ലഭ്യമാണ്. എറണാകുളത്തുനിന്നു എട്ടു മണിക്കും 11.30നുമുളള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹൗറ ട്രെയിനില്‍ തുടര്‍യാത്രാ സൗകര്യം ലഭിക്കും. 

∙ 16316 കൊച്ചുവേളി – ബെംഗളൂരു ട്രെയിന്‍ വൈകിട്ട് 4.45ന്  

∙ 22641 തിരുവനന്തപുരം ഇന്‍ഡോര്‍ വൈകിട്ട് 5ന് 

∙ കോഴിക്കോട്ടുനിന്നു മംഗളൂരുവിലേക്ക് ഇന്നു വൈകിട്ട് അഞ്ചിനും രാത്രി ഒന്‍പതിനും പാസഞ്ചര്‍ സ്‌പെഷലുകള്‍ പുറപ്പെടും. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും. ഉച്ചയ്ക്ക് 2.05ന് ചെറുവത്തൂരിലേക്കും പാസഞ്ചറുണ്ട്.

എറണാകുളത്ത് ഗതാഗതം ഭാഗികം മാത്രം

റോഡ്, റെയിൽ ഗതാഗതം ഭാഗികമാണ്. കെഎസ്ആർടിസി ബസുകൾ അങ്ങിങ്ങു മാത്രം. കൊച്ചി നഗരത്തിൽ സിറ്റി സർവീസുകൾ നാമമാത്രം. ഗ്രാമീണ മേഖലകളിൽനിന്ന് ബസ് സർവീസുകൾ പരിമിതം.

മലപ്പുറം

കെഎസ്ആർടിസി കോഴിക്കോട് – മലപ്പുറം – പാലക്കാട് ബസുകൾ ആനക്കയം കാട്ടുങ്ങൽ വഴി ഓടുന്നു. തിരൂരിലേക്കു ബസ് ഇല്ല. തൃശൂരിലേക്ക് പെരിന്തൽമണ്ണയിൽനിന്നു ഷൊർണൂർ, വടക്കാഞ്ചേരി വഴി സർവീസ്. 

വയനാട്

മണ്ണിടിഞ്ഞ പേര്യ ചുരം ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വിള്ളലുണ്ടായ നാടുകാണി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്കു നിരോധനമുണ്ട്. വയനാട്, കുറ്റ്യാടി ചുരങ്ങളില്‍ നിലവില്‍ തടസ്സങ്ങളില്ല. കല്‍പറ്റ ഡിപ്പോയില്‍നിന്നു തൃശൂര്‍ വരെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. മൈസൂരു- ബത്തേരി പാതയിലും പാല്‍ചുരത്തിലും തടസ്സങ്ങളില്ല.