വയനാട്ടില്‍ മഴ കുറയുന്നു. റെഡ് അലെര്‍ട്ട് പിന്‍വലിച്ചു

(ഫയൽ ചിത്രം)

കൽപ്പറ്റ∙ വയനാട്ടില്‍ മഴ കുറയുന്നു. റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇന്നു മുതല്‍ ജില്ലയില്‍ യെല്ലോ അലെര്‍ട്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 265 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്നത് 30 സെന്റീമീറ്ററായി കുറച്ചു. കനത്തമഴയില്‍ ബാണാസുരയുടെ ഷട്ടറുകള്‍ തുറന്നതാണു വയനാട്ടിലെ പ്രളയക്കെടുതി രൂക്ഷമാക്കിയത്. മഴ കുറഞ്ഞതോടെ, ബാണാസുര സാഗറിന്റെ നാല് ഷട്ടറുകളില്‍ ഒരെണ്ണം ഇന്ന് അടയ്ക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ സ്ഥലങ്ങളില്‍നിന്ന് പ്രളയജലം പിന്‍വാങ്ങും.

കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടി ആറു വീടുകള്‍ നശിച്ചുപോയ മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. മണ്ണിടിഞ്ഞ പേര്യ ചുരം ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വിള്ളലുണ്ടായ നാടുകാണി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്കു നിരോധനമുണ്ട്.

വയനാട്, കുറ്റ്യാടി ചുരങ്ങളില്‍ നിലവില്‍ തടസ്സങ്ങളില്ല. കല്‍പറ്റ ഡിപ്പോയില്‍നിന്നു തൃശൂര്‍ വരെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. മൈസൂരു - ബത്തേരി പാതയിലും പാല്‍ചുരത്തിലും തടസ്സങ്ങളില്ല. പ്രളയക്കെടുതി വിലയിരുത്താന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ കലക്ടറേറ്റില്‍ എത്തി.