തുടർമഴ അതിശക്തമാകാനിടയില്ലെന്നു സൂചന; ഇനി ശ്രദ്ധ വേണ്ടത് ഉരുൾപൊട്ട‌ലിൽ

ഇന്ത്യയ്ക്കു മുകളിലെ മഴമേഘങ്ങൾ, ഓഗസ്റ്റ് 18, ഉച്ചയ്ക്ക് 12 മണിക്കുള്ള ഉപഗ്രഹചിത്രം.

തിരുവനന്തപുരം ∙ ദുരിതം പകർന്ന പെരുമഴയ്ക്കു താൽക്കാലിക വിരാമമാകുമെന്നു സൂചന. തുടർമഴയുണ്ടാകുമെങ്കിലും കനത്ത മഴയിലേക്ക് ഇതു മാറില്ലെന്ന സൂചനയാണ് കാലാവസ്ഥാ ഉപഗ്രഹങ്ങളിൽനിന്നു ലഭ്യമാകുന്ന, കേരളത്തിനു സമീപത്തെ മേഘപടലങ്ങളുടെ ചിത്രങ്ങൾ നൽകുന്നത്. ശനിയാഴ്ച പുലർച്ചെ മുതൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട മഴ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 

ഉച്ചയോടെ പലയിടങ്ങളിലും മേഘപാളികൾ നീങ്ങിയതു ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ആശ്വാസക്കാഴ്ചയായി. ഓഗസ്റ്റ് 20 ന് മുതൽ പെയ്ത മഴ,  കേരളത്തിൽ സാധാരണ ലഭിക്കുന്ന കാലവർഷത്തെക്കാളും 41 ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ. രാജ്യത്തു ശരാശരി ലഭിക്കുന്ന മഴയിൽ എട്ടു ശതമാനം കുറവു രേഖപ്പെടുത്തിയതിനിടെയാണ് സംസ്ഥാനത്തെ ഈ മഴപ്പെരുക്കം.

അതേസമയം, മഴയിൽ കുതിർന്ന മലയോരങ്ങളിലും മറ്റും ഉരുൾപൊട്ടലുകൾക്കു സാധ്യത നിലനിൽക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ദിവസങ്ങൾ നീണ്ട കനത്ത മഴ മലകളിലെ മൺപാളികളിൽ ചലനമുണ്ടാക്കിയാൽ മലയിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാമെന്നാണ് വിശദീകരണം. മലയോരമേഖലകളിൽ താമസിക്കുന്നവർ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ടെന്നു ചുരുക്കം. മഴദുരിതം പേറി ക്യാംപുകളിലും വീടുകളിലും തങ്ങുന്നവർ കഴിവതും തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. വീടുകളിൽ കുടുങ്ങിയവർ ശരീരത്തിലെ ലവണാംശം നിലനിർത്താൻ ഉപ്പ്, പഞ്ചസാര തുടങ്ങിയവ അൽപാൽപം കഴിക്കുന്നതും ഗുണം ചെയ്യും. 

കേരളത്തിൽ കനത്തമഴ ഉണ്ടാകാറുണ്ടെങ്കിലും തുടർച്ചയായി കനത്തമഴ അത്യപൂർവമാണ്. താഴ്ന്ന പ്രദേശങ്ങളിൽ ജനസാന്ദ്രത ഏറുന്നതിനൊപ്പം, കനത്തമഴ പോലുള്ള സാഹചര്യങ്ങളിൽ വെള്ളം പെട്ടെന്ന് ഒഴുകിപ്പോകാനുള്ള സൗകര്യങ്ങൾ ചെയ്യാത്തും ദുരിതം ഇരട്ടിയാക്കുന്നു. മേൽമണ്ണിന് ഉൾക്കൊളളാനാകാത്തതിലേറെ മഴയെത്തുമ്പോൾ തൊട്ടടുത്ത ജലനിർഗമന മാർഗങ്ങളിലേക്ക് അത് ഒഴുകിയെത്തും. ഇതാണ് പുഴകളിലും മറ്റും പ്രളയത്തിന് ഇടയാക്കുന്നതെന്ന്, രാജ്യത്തെ മഴനിരക്കിൽ അടുത്തിടെ മൂന്നിരട്ടിയോളം വർധനയുണ്ടെന്ന പഠനം നടത്തിയ പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ ഡോ. റോക്സി മാത്യു കോൾ അഭിപ്രായപ്പെട്ടു. 

1950–2017 കാലയളവിൽ 285 വെള്ളപ്പൊക്കങ്ങളാണ് രാജ്യത്തു രേഖപ്പെടുത്തിയത്. 85 കോടി ജനത്തെ ബാധിച്ച ഈ വെള്ളപ്പൊക്കങ്ങളിൽ 1.9 കോടി ആളുകൾക്കാണ് വീടുകൾ നഷ്ടമായത്. 71,000 പേർ ഈ പ്രളയങ്ങളിൽ മരിച്ചെന്നും കണക്കുകൾ പറയുന്നു.  

ആഗോളതലത്തിൽ ഇത്തരം കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നുണ്ടെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മുൻ ഉപദേശക മാലതി ഗോയൽ അഭിപ്രായപ്പെടുന്നു. മലകൾ, സമതലങ്ങൾ, തീരം തുടങ്ങി വൈവിധ്യമാർന്ന ഭൂപ്രകൃതിയും ജനബാഹുല്യവുമുള്ള ഇന്ത്യയിയിലെ സാഹചര്യം കൂടുതൽ ഗൗരവമുള്ളതാണെന്നും അവർ പറഞ്ഞു.