‘ജന്‍മദിനം പിന്നെ, വള്ളമിറക്കെടാ മോനേ’: കടലോളം കരുതലുമായി മത്സ്യത്തൊഴിലാളികള്‍

രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ വാഹനത്തിൽ കയറ്റിപ്പോകുന്ന മത്സ്യത്തൊഴിലാളികൾ. (ഫെയ്സ്ബുക് ചിത്രം)

തിരുവനന്തപുരം∙ പ്രളയജലം മൂടിയ കേരളത്തിലെ ചെറുവഴികളില്‍ സ്നേഹത്തിന്റെ ‘വല’ വീണപ്പോള്‍ ജീവിതത്തിലേക്ക് പിടിച്ചു കയറിയ നൂറുകണക്കിനുപേരുണ്ട് ചെങ്ങന്നൂരും ആലുവയിലുമെല്ലാം. ഒഴുക്കില്‍ ‘കമ്പ’ കെട്ടിയും നീന്തിയും മത്സ്യത്തൊഴിലാളികള്‍ തിരികെ പിടിച്ചത് നിരവധി ജീവനുകള്‍. െചങ്ങന്നൂരുകാരുടെ നാവിന്‍ തുമ്പില്‍ ഇപ്പോള്‍ കേരളത്തിന്റെ തെക്കേ അറ്റത്തുള്ള വിഴിഞ്ഞവും മരിയാപുരവും അവിടുത്തെ മത്സ്യത്തൊഴിലാളികളുമാണ്; നെഞ്ചു നിറയെ അവരുടെ സ്നേഹവും. 

സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് പ്രളയജലം കയറിയ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയത്. അന്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ നില്‍ക്കാതെ മകനോടൊപ്പം അഞ്ചുതെങ്ങില്‍നിന്ന് വള്ളവുമായെത്തിയ ജോയി ഫെര്‍ണാണ്ടസ്, ചെങ്ങന്നൂരിലെ പാണ്ടനാട് മുപ്പതോളം കുട്ടികളെ രക്ഷിച്ച പൂന്തുറയില്‍നിന്നെത്തിയ സംഘം... തീരദേശത്തിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും കഥകള്‍ നീളുന്നു. സൈന്യമെത്താത്ത, വെള്ളം മൂടിയ റോഡുകളിലൂടെയും പാടങ്ങളിലൂടെയും െചറിയ റോഡുകളിലൂടെയുമെല്ലാം മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളും ബോട്ടുകളുമോടിച്ചു ജീവനുകളെ തേടി.

ചെങ്ങന്നൂര്‍, കുട്ടനാട്, ചാലക്കുടി, ആലുവ, പറവൂര്‍, മാള പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം വലിയ ദുരന്തത്തില്‍നിന്നാണു കേരളത്തെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്കു കടന്നു ചെല്ലാനാകാത്ത ദുര്‍ഘടമായ സ്ഥലങ്ങളില്‍  തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞെത്തി. മത്സ്യത്തൊഴിലാളികളുടെ ധൈര്യവും വെള്ളത്തിലുള്ള പരിചയവും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുപോലും രക്ഷിക്കാന്‍ കഴിയാതിരുന്നവരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.

ആദ്യഘട്ടത്തില്‍ സ്വന്തം പണം മുടക്കിയാണ് വണ്ടികളില്‍ വള്ളങ്ങളുമായി മത്സ്യത്തൊളിലാളികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാഞ്ഞത്. തിരുവന്തപുരത്തുനിന്നു മാത്രം അഞ്ഞൂറോളം മത്സ്യത്തൊഴിലാളികളും ഇരുന്നൂറ്റി അന്‍പതിലേറെ വള്ളങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രാഥമിക കണക്കനുസരിച്ച് 600 യാനങ്ങളും 4,000 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. രക്ഷാപ്രവര്‍ത്തനത്തിനിടെ അവരുടെ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. പലര്‍ക്കും പരുക്കേറ്റു. വെള്ളമിറങ്ങിത്തുടങ്ങിയതോടെ അവകാശവാദങ്ങളില്ലാതെ അവര്‍ സ്വന്തം തുറകളിലേക്കു മടങ്ങി.

പ്രളയജലത്തിന് കമ്പകെട്ടി കടലിന്റെ മക്കള്‍

പതിനഞ്ചാം തീയതി രാത്രിയാണ് കേരളത്തിലെ പലയിടങ്ങളിലും വെള്ളം കയറിയെന്നും ബോട്ടുകള്‍ ആവശ്യമാണെന്നുമുള്ള വാര്‍ത്ത മത്സ്യത്തൊഴിലാളി ഊരുകളിലറിയുന്നത്. സംഘടനാ നേതാക്കളില്‍നിന്നുള്ള നിര്‍ദേശമെത്തിയതോടെ, കിട്ടിയ വണ്ടികളില്‍ വള്ളങ്ങളുമായി തീരദേശത്തുനിന്ന് അവര്‍ കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പാഞ്ഞു. ചെങ്ങന്നൂരിന്റെയും എറണാകുളം നഗരത്തിന്റെയും ഇടവഴികളില്‍ ആദ്യമായി ബോട്ടുകളും വള്ളങ്ങളുമിറങ്ങി. കുത്തൊഴുക്ക്, ചെറിയ വഴികള്‍, വെള്ളത്തില്‍ മുങ്ങിയ മതിലുകള്‍ തുടങ്ങിയ പ്രതിബന്ധങ്ങളെ മത്സ്യത്തൊഴിലാളികള്‍ ആദ്യമായാണ് അഭിമുഖീകരിക്കുന്നത്. ഒഴുക്കുവെള്ളത്തില്‍ വള്ളമോടിച്ച് അവര്‍ക്ക് പരിചയമില്ല. സ്ഥലപരിചയവുമില്ല. ആളുകള്‍ എവിടെ കുടുങ്ങി എന്നതിനെക്കുറിച്ചും ധാരണയില്ല.

സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ഇതിനു പരിഹാരം കണ്ടെത്തി. പ്രാദേശിക തലത്തിലുള്ളവരെ പങ്കാളികളാക്കി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും അവരോടൊപ്പം ചേര്‍ന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളുടെ പട്ടിക തയാറാക്കി. മത്സ്യത്തൊഴിലാളികളെ സംഘങ്ങളായി തിരിച്ചു. ഓരോ സംഘത്തിനും േനതാവിനെ നിശ്ചയിച്ചു. ഓരോ സംഘത്തിലും പ്രദേശവാസികളെ ഉള്‍പ്പെടുത്തി. ഇതുവരെ അറിയാത്ത പാഠങ്ങള്‍ തൊഴിലാളികള്‍ സ്വയം പഠിച്ചു. നാട്ടുകാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചശേഷം ഓരോ വഴിക്കും യോജിച്ച വള്ളങ്ങള്‍ കണ്ടെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

വെള്ളത്തിന്റെ ഒഴുക്കായിരുന്നു പ്രശ്നം. ഒഴുക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ കമ്പ വലിച്ചു നിര്‍ത്തി (ബലമുള്ള സ്ഥലങ്ങളില്‍ കയര്‍ കെട്ടി വള്ളത്തെ നിയന്ത്രിക്കും). ‘പ്രാദേശികമായി കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചു. നാട്ടുകാരില്‍നിന്ന് അഭിപ്രായം േതടി അവരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. ഒരു യാത്രയില്‍ ഇരുപതോളം പേരെ രക്ഷിക്കാന്‍ കഴിഞ്ഞു’ - സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി.പീറ്റര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട്, കുട്ടനാട് മേഖലകളിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത് മത്സ്യത്തൊഴിലാളികള്‍ വന്നപ്പോഴാണ്. കുടിവെള്ളവും ഭക്ഷണവും എത്തിക്കാനും മത്സ്യത്തൊഴിലാളികള്‍ മുന്നില്‍നിന്നു.

‘ആവശ്യപ്പെടാതെ എത്തി തങ്ങള്‍ക്കു പരിചയമില്ലാത്ത ഒരു പ്രശ്നം പഠിച്ച് വളരെപ്പെട്ടെന്ന് ഫലപ്രദമായ പരിഹാരം ഉരുത്തിരിച്ച് നടപ്പിലാക്കിയ നമ്മുടെ മത്സ്യത്തൊഴിലാളികള്‍ ഒരു അതിശയമാണ്. എല്ലാവര്‍ക്കും ഒരു മാനേജ്മെന്റ് പാഠവുമാണ്’ - മത്സ്യമേഖലയെ ആഴത്തിലറിയുന്ന ജിതിന്‍ദാസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ജന്‍മദിനം പിന്നെ ആഘോഷിക്കാം, വള്ളമെടുക്കെടാ മോനേ

അഞ്ചു തെങ്ങിലാണ് ജോയ് ഫെര്‍ണാണ്ടസിന്റെ വീട്. 18–ാം തീയതിയായിരുന്നു അന്‍പതാം പിറന്നാള്‍. മകന്‍ സജയ് ജോയിക്കും കുടുംബത്തിനുമൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ തയാറെടുക്കുന്നതിനിടയിലാണ് വെള്ളം കയറുന്ന വാര്‍ത്തയെത്തിയത്. 

പിറന്നാൽ ദിനത്തിൽ രക്ഷാപ്രവർത്തനത്തിന് തയാറെടുക്കുന്ന ജോയ് ഫെർണാണ്ടസ്.

‘വീട്ടിൽ നല്ല രീതിയിൽ പിറന്നാൾ അഘോഷിക്കാൻ ഒരുങ്ങിയതാ ഞങ്ങൾ. പെട്ടെന്നാണ് അഞ്ചുതെങ്ങിലെ കുറച്ചു ബോട്ടുകൾ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കാൻ പോകുന്ന വിവരം അറിഞ്ഞത്. പപ്പയോട് പോകുന്നോ എന്നു ചോദിച്ചപാടെ പോകാം എന്നു പറഞ്ഞു. എന്തായാലും എനിക്കും പപ്പയ്ക്കും ഇതു മറക്കാനാവാത്ത ഒരു ദിവസം ആയിരിക്കും’ - 1 7ാം തീയതി സജയ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. അഞ്ചു തെങ്ങില്‍ ജോയ് ഫെര്‍ണാണ്ടസിന്റെ വീടിന്റെ ഭാഗത്തുനിന്ന് മൂന്നു വള്ളങ്ങളും 11 ആളുകളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. അഞ്ചുതെങ്ങില്‍നിന്ന് വള്ളങ്ങളുമായെത്തിയപ്പോള്‍ രാത്രി റോഡിലെ കുഴിയില്‍ വണ്ടി വീണു. ക്രയിന്‍ ഉപയോഗിച്ചാണ് വലിച്ചു കയറ്റിയത്. രാത്രിതന്നെ ചെങ്ങന്നൂര്‍ ഭാഗത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

∙ എന്തായിരുന്നു മറക്കാനാകാത്ത അനുഭവം?

‘വളരെ ബുദ്ധിമുട്ടി ഇടവഴികളിലൂടെ കുത്തൊഴുക്കില്‍ വള്ളം തുഴഞ്ഞ് വീടുകള്‍ക്കെടുത്തെത്തുമ്പോള്‍ വീട്ടുകാര്‍ വള്ളത്തില്‍ കയറാന്‍ തയാറാകാത്തതാണ് ഏറ്റവും വേദനിപ്പിച്ചത്. ആഹാരം മതി, വീട്ടില്‍നിന്ന് ഇറങ്ങില്ലെന്നാണ് പലരും പറഞ്ഞത്’ - സജയ് പറയുന്നു. വെള്ളമിറങ്ങിയതോടെ സജയും അച്ഛനും ഉള്‍പ്പെട്ട സംഘം നാട്ടിലേക്ക് മടങ്ങാനൊരുങ്ങി. രാത്രി 11 മണിക്ക് റോഡിലെത്തിയെങ്കിലും വള്ളം കൊണ്ടുപോകാന്‍ ഇന്ന് ഉച്ചവരെ വാഹനമൊന്നും ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ബോട്ട് തകര്‍ന്നു

‘കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പണി പോലും മാറ്റിവച്ചാണ് അവര്‍ സ്വമേധയാ രക്ഷാദൗത്യത്തില്‍ പങ്കാളികളായത്. അവര്‍ നല്‍കിയ സ്നേഹം തിരികെ നല്‍കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട് ’ - കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടോണി ഒഴിവര്‍ പറയുന്നു. ഏഴ് നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നവരാണ് ഈ സംഘടനയിലുള്ളത്. 

സഹായിക്കണം കേരളത്തിന്റെ ‘ സൈനികരെ’

ട്രോളിങ് നിരോധനത്തെത്തുടര്‍ന്നുള്ള നാളുകളായതിനാല്‍ തീരദേശമേഖല ദുരിതത്തിലാണ്. ജോലി ഉപേക്ഷിച്ചാണ് പലരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. വള്ളങ്ങള്‍ കേടുവന്നാല്‍ ജോലിക്കു പോകാനാകില്ല. മത്സ്യത്തൊഴിലാളികള്‍ ഒരു തരത്തിലും ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു. തുടക്കത്തില്‍ ചില പ്രശ്നങ്ങളുണ്ടാകാമെന്നും അതു മാറുമെന്നും അവര്‍ വ്യക്തമാക്കുന്നു. 

യാനങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ വണ്ടികള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തോട് ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. മത്സ്യഫെഡിനും നിര്‍ദേശങ്ങള്‍ നല്‍കിയതായി മത്സ്യഫെഡ് അഡീ. ഡയറക്ടര്‍ സഹദേവന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. തിരികെയെത്തുന്ന തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കാനും അവരുടെ വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്ക് സഹായം നല്‍കാനും ചികില്‍സാ സഹായം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. മന്ത്രി. ജെ.മേഴ്സിക്കുട്ടിയമ്മയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.