ശബരിഗിരിയെ അവഗണിച്ചു, മുൻകരുതലില്ലാതെ തുറന്നു; രണ്ടു ജില്ലകൾ മുങ്ങി

പത്തനംതിട്ട∙ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിൽനിന്നു വെള്ളം തുറന്നുവിടുന്നതിൽ ഭരണകൂടം അത്യന്തം ജാഗ്രത കാണിച്ചപ്പോൾ, രണ്ടാമത്തെ പദ്ധതിയായ ശബരിഗിരിയുടെ കാര്യത്തിൽ ആവശ്യമായ മുൻകരുതൽ ഇല്ലാതെപോയതാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മഹാപ്രളയത്തിനു കാരണം.

Read more: Kerala Floods

പ്രളയം ബാക്കിവച്ചത്... പ്രകൃതി മനുഷ്യന് എല്ലാം വാരിക്കോരി നൽകി. ആ സൗകര്യത്തെ പരമാവധി ചൂഷണം ചെയ്തതിന്റെ ഏറ്റവും പുതിയ രൂപമാണിത്. കൊടുത്താൽ കൊല്ലത്ത് അല്ല കൊല്ലത്തിൽ ഒരിക്കലെങ്കിലും തിരിച്ചു കിട്ടുമെന്ന ചൊല്ലും ഇവിടെ അന്വർഥമായി. നദിയിലേക്ക് എല്ലാം തള്ളി കഴിഞ്ഞാൽ കാര്യം കഴിഞ്ഞുവെന്ന് കരുതി കൈ കഴുകി ഇരുന്നവർക്ക് മുന്നറിയിപ്പ്‌ നൽകി നദി മടങ്ങിയ കാഴ്ചയാണിത്. പത്തനംതിട്ട റാന്നിയിൽ നിന്ന്. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ

ഇടുക്കിയിൽ പെരിയാ‍ർതീരം ഒഴിപ്പിച്ചശേഷം പകൽ സമയമാണ് അണക്കെട്ടു തുറന്നതെങ്കിൽ, ശബരിഗിരി പദ്ധതിയുടെ ഭാഗമായ കക്കി, പമ്പ ഡാമുകളിൽനിന്നെത്തിയ വെള്ളം പുലർച്ചെ റാന്നി ടൗണിനെ മുക്കിയശേഷമാണു നടപടിയുണ്ടായത്. കക്കി, പമ്പ അണക്കെട്ടുകളിൽനിന്നു സെക്കൻഡിൽ 10 ലക്ഷത്തോളം ലീറ്റർ വെള്ളമാണു പമ്പയിലേക്ക് ഒഴുകിവരുന്നതെന്ന യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനും ഭരണകൂടത്തിനു കഴിഞ്ഞില്ല. ഇതു ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

ഇടുക്കി ചെറുതോണി അണക്കെട്ടിൽനിന്ന് ആദ്യദിവസങ്ങളിൽ തുറന്നുവിട്ട പരമാവധി വെള്ളത്തെക്കാൾ കൂടുതലായിരുന്നു ഇത്. ജില്ലയിൽ അതീവ ജാഗ്രതപോലും പ്രഖ്യാപിക്കാതെയാണ് 14നു വൻതോതിൽ വെള്ളം തുറന്നത്. 15നു റെഡ് അലെർട്ട് പ്രഖ്യാപിച്ചപ്പോഴേക്കും വൈകിയിരുന്നു. 14നു പകൽ ശബരിഗിരിയിലെ ഇരുഡാമുകളിൽനിന്നുമായി തുറന്നുവിട്ട വെള്ളംതന്നെ പമ്പയിൽ വലിയ വെള്ളപ്പൊക്കമുണ്ടാക്കിയിരുന്നു. എന്നിട്ടും ജനവാസ മേഖലകൾക്കു മുന്നറിയിപ്പു നൽകിയില്ല.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകൾപ്രകാരം 14നു വൈകിട്ടു നാലിനു കക്കി - ആനത്തോട് അണക്കെട്ടിൽനിന്നു സെക്കൻഡിൽ 85,300 ലീറ്ററും പമ്പ അണക്കെട്ടിൽനിന്നു സെക്കൻഡിൽ 47,000 ലീറ്ററുമാണു പുറത്തുവിട്ടത്. രാത്രിയായതോടെ രണ്ട് അണക്കെട്ടുകളുടെയും ഷട്ടറുകൾ കൂടുതൽ ഉയർത്തി. രാത്രി 10നു രണ്ടിടത്തുനിന്നുമായി സെക്കൻഡിൽ 4.68 ലക്ഷം ലീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കി. രാത്രി ഒന്നിന് ഇത് ആറര ലക്ഷവും പുലർച്ചെ ആറോടെ സെക്കൻഡിൽ 9.39 ലക്ഷം ലീറ്ററുമായി ഉയർന്നു.

ഈ സമയം ഇടുക്കിയിൽനിന്നു സെക്കൻഡിൽ ഏഴര ലക്ഷം ലീറ്റർ മാത്രമാണ് ഒഴുക്കിയത്. എല്ലാം സംഭവിച്ചതു രാത്രിയായതിനാൽ ഒരു മുൻകരുതലിനും അവസരമുണ്ടായില്ല. ഒപ്പം കിഴക്കൻ മേഖലയിലെ ഉരുൾപൊട്ടലും ദുരന്തത്തിന് ആക്കം കൂട്ടി.