മഴ മാറിയെങ്കിലും ഇടുക്കിയിൽ ദുരിതം തുടരുന്നു; ഒറ്റപ്പെട്ട് ഒട്ടേറെ പ്രദേശങ്ങൾ

ഇടുക്കി∙ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കനത്ത പ്രതിസന്ധി തീർത്ത ഇടുക്കിയിൽ മഴ മാറിയെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഉപ്പുതോട്ടിൽ ഉരുൾപൊട്ടിയതിനെ തുടർന്നു കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സൂചന ലഭിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മാലിന്യം ഒലിച്ചു പോയി. ഇൻസിനറേറ്ററിന്റെ ഒരു ഭാഗം തകർന്നു. മൂന്നാർ, ചെറുതോണി, അടിമാലി, മറയൂർ മേഖലകൾ ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ്.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞുവെങ്കിലും ജലനിരപ്പ് ഉയരുന്നുണ്ട്. നിലവിലെ ജലനിരപ്പ് 2402.28 അടിയാണ്. ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ ഇപ്പോഴും താഴ്ത്തിയിട്ടില്ല. ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ്, സെക്കൻഡിൽ എട്ടു ലക്ഷം ലീറ്ററിൽ നിന്ന് ഏഴു ലക്ഷം ലീറ്ററായി കെഎസ്ഇബി കുറച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 9.13 ലക്ഷം ലീറ്ററാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് 140 അടിയിലേക്കു താഴ്ന്നു.

അതേസമയം, വൈദ്യുതിമുടക്കത്തെക്കുറിച്ചു പരാതി പറയാനെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസനെ, കട്ടപ്പന കെഎസ്ഇബി ഓഫിസിലെ ജീവനക്കാരൻ മർദിച്ചതായി പരാതി ഉയർന്നു.