തിരുവനന്തപുരത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു; പേപ്പാറയിൽ ഒരു ഷട്ടർ അടച്ചു

പേപ്പാറ അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിട്ടപ്പോൾ. (ഫയൽ ചിത്രം)

തിരുവനന്തപുരം∙ മഴ കുറഞ്ഞതോടെ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതാണു ജലനിരപ്പ് കുറയാൻ സഹായകമായത്. പേപ്പാറ അണക്കെട്ടിന്റെ ഒരു ഷട്ടർ അടച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് 107.46 മീറ്ററാണു പേപ്പാറയിലെ ജലനിരപ്പ്. രണ്ടു ഷട്ടറുകൾ ഇപ്പോഴും തുറന്നിട്ടുണ്ട്. നെയ്യാർ അണക്കെട്ടിലും ജലനിരപ്പു താഴ്ന്നുതുടങ്ങി. 83.7 ആണ് രാവിലെ ഏഴു മണിക്കുള്ള ജലനിരപ്പ്. ഇതിനെത്തുടർന്ന് അണക്കെട്ടിന്റെ ഷട്ടറുകൾ 60 സെന്റീമീറ്ററിൽ നിന്നും 30 സെന്റീമീറ്ററായി താഴ്ത്തി. നാലു ഷട്ടറുകളാണ് ആകെ തുറന്നിട്ടുള്ളത്.

അരുവിക്കര അണക്കെട്ടിൽ നിലവിൽ 46.40 സെന്റീമീറ്ററാണ് ജലനിരപ്പ്. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് ഒരു ഷട്ടർ 30 സെന്റീമീറ്റർ താഴ്ത്തിയിരുന്നു. 

ചെങ്ങന്നൂരിലെ പ്രളയക്കെടുതിയിൽനിന്നു രക്ഷപ്പെടുത്തിയ 149 പേരെ ശനിയാഴ്ച രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചു. ഇവർ ഓൾ സെയ്ന്റ്‌സ് കോളജിൽ തുറന്ന ദുരിതാശ്വാസ ക്യാംപിലാണുള്ളത്. ഇവർക്കുള്ള ഭക്ഷണവും അവശ്യ വസ്തുക്കളും മരുന്നും എത്തിച്ചിട്ടുണ്ടെന്നും ജീവനക്കാരെ പ്രത്യേകം ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ടെന്നും താലൂക്ക് ഓഫിസിൽ നിന്ന് അറിയിച്ചു.