അപ്പര്‍കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം: പത്തനംതിട്ട ജില്ലാ കലക്ടര്‍

ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന ജില്ലാ കലക്ടർ പി.ബി. നൂഹ്

പത്തനംതിട്ട ∙ അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും ഇന്നു വൈകിട്ടോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണു കരുതുന്നതെന്നു ജില്ലാകലക്ടര്‍ പി.ബി. നൂഹ്. ഇതിനായി നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍ക്കു പുറമേ നേവിയുടെ 15 ബോട്ടുകള്‍കൂടി വ്യോമ മാര്‍ഗം ഇറക്കും. എന്‍ഡിആര്‍എഫിന്റെ 12 ബോട്ടുകള്‍ രാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആര്‍മിയുടെ 10 ബോട്ടുകള്‍ ഇന്നലെ രാത്രി എത്തിയിരുന്നു. നേവിയുടെ രണ്ടു ബോട്ടുകള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 39 മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അഞ്ച് സ്പീഡ് ബോട്ടുകളും ഏഴ് സ്വകാര്യ സ്പീഡ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഭക്ഷണം മാത്രം ആവശ്യപ്പെടുന്നവര്‍ക്കായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ഭക്ഷണം എത്തിക്കുന്നുണ്ട്. കൂടാതെ ഒഎന്‍ജിസിയുടെ ഹെലികോപ്റ്ററും എത്തുന്നുണ്ട്. ജില്ലയില്‍ ആകെ 515 ക്യാംപുകളാണു പ്രവര്‍ത്തിക്കുന്നത്. ഇവിടെ ആകെ 75,451 പേരുണ്ട്. ക്യാംപുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തുകയും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ വിദ്യാഭ്യാസ വകുപ്പിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥരെയാണു കൂടുതലായും നിയോഗിച്ചിട്ടുള്ളത്. മറ്റു വകുപ്പുകളിൽ നിന്നുകൂടി ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാംപിൽ കഴിയുന്നവര്‍ക്കായി ഭക്ഷണവും വസ്ത്രവും എത്തിക്കാൻ ഫുഡ്ഹബ് തുടങ്ങിയിട്ടുണ്ട്. അടൂര്‍ വഴിയാണു ദുരിതാശ്വാസ സഹായങ്ങള്‍ കൂടുതലായി എത്തുന്നത്. അതിനാല്‍ അവിടെയാണു പ്രധാന ഫുഡ് ഹബ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വളരെയേറെ സഹായങ്ങള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ക്യാംപിലുള്ളവര്‍ക്കു വൈദ്യസഹായം എത്തിക്കുന്നതിനായി മെഡിക്കല്‍ ഹബും സജ്ജമാക്കിയിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രയത്‌നമാണു നടക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.