ചെങ്ങന്നൂർ വഴിയുള്ള എംസി റോഡിൽ കെഎസ്ആർടിസി ഗതാഗതം പുനരാരംഭിച്ചു

എംസി റോഡിൽ തിരുവല്ല – ചെങ്ങന്നൂർ റൂട്ടിൽനിന്ന്. ചിത്രം: നിഖിൽരാജ്.

ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ വഴിയുള്ള എംസി റോഡിൽ കെഎസ്ആർടിസി ഗതാഗതം പുനരാരംഭിച്ചു. എണ്ണം കുറവാണെങ്കിലും മറ്റു ഡിപ്പോകളുടെ കോട്ടയം, കൊട്ടാരക്കര, തിരുവനന്തപുരം ബസുകൾ ചെങ്ങന്നൂർ വഴി കടന്നു പോകുന്നുണ്ട്. അതേസമയം, ചെങ്ങന്നൂർ ഡിപ്പോയിലെ ബസുകള്‍ സർവീസ് ആരംഭിച്ചിട്ടില്ല. പത്തനംതിട്ട- അടൂർ റൂട്ടിലും ബസ് സർവീസ് വീണ്ടും തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് പുനലൂർ വഴി ഇന്നലെത്തന്നെ സർവീസ് ആരംഭിച്ചിരുന്നു.

ചെങ്ങന്നൂർ ബസ് സ്റ്റാൻഡ് പൂർണമായി വെള്ളത്തിൽ മുങ്ങിയതോടെ കുറച്ചു ബസുകൾക്കു കേടുപാടു സംഭവിച്ചിട്ടുണ്ട്. കൂടാതെ ബസ് സ്റ്റാൻഡിലെ പമ്പിൽ വെള്ളം കയറിയതോടെ ഇത് ഉപയോഗ ശൂന്യമായി. ചെങ്ങന്നൂർ ഡിപ്പോയിൽ‍ നിന്നുള്ള ബസുകളിൽ കുറെയെണ്ണം ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആളുകളെ എത്തിക്കാനായി ഓടുന്നുമുണ്ട്.

നിലവിൽ വലിയ വാഹനങ്ങളാണ് എംസി റോഡുവഴി കടത്തിവിടുന്നത്. ചില ഭാഗങ്ങളിൽ വെള്ളം പൂർണമായി ഇറങ്ങാത്തതാണു കാരണമെന്ന് അധികൃതർ വ്യക്തമാക്കി.