കുമരകത്തും തിരുവാർപ്പിലും ജലപ്രളയം; സുരക്ഷിതകേന്ദ്രങ്ങൾ തേടാൻ നിർദ്ദേശം

കുമരകം, തിരുവാർപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ.

കോട്ടയം ∙ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ അതീവഗുരുതര സ്ഥിതിയാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന നിർദ്ദേശം. കുമരകം, തിരുവാർപ്പ് മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശമുള്ളത്. കുമരകത്തുനിന്ന് 3000 പേരും തിരുവാർപ്പിൽ നിന്ന് 5000 പേരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുന്നതിന് കാത്തുനിൽകുന്നതായിട്ടാണ് റവന്യു അധികൃതർ പറയുന്നത്.

∙ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 406 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നു. 23,259 കുടുംബങ്ങളിലെ 89,178 അംഗങ്ങൾ ക്യാംപുകളിൽ കഴിയുന്നു.

∙ഞായറാഴ്ച ഒരാൾ കൂടി മരണമടഞ്ഞതോടെ വെള്ളപ്പൊക്ക കെടുതിയിൽ മരണമടഞ്ഞവരുടെ എണ്ണം ആറായി. വെള്ളുത്തുരുത്തി, പാരിപ്പള്ളിക്കടവിൽ വീണ് പരിസരവാസിയായ ഗോപാലകൃഷ്ണൻ(63)നാണ് മരണമടഞ്ഞത്. മീനച്ചിൽ, വൈക്കം എന്നിവിടങ്ങളിൽ ഒരോരുത്തരെ കാണാതായി.

∙കുമരകം, തിരുവാർപ്പ്, വൈക്കം, കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ദുരിതം രൂക്ഷമാണ്.

∙അയ്മനം, ആർപ്പൂക്കര, വൈക്കം, കല്ലറ, നീണ്ടൂർ, വിജയപുരം, മണർകാട്, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ടെങ്കിലും ദുരിതം തുടരുകയാണ്.

∙കെഎസ്ആർടിസി കോട്ടയം ഡിപ്പോയിലെ ആകെയുളള 89 സർവീസുകളിൽ 44 സർവീസുകൾ മാത്രമാണ് നടത്താനായത്. 450 ജീവനക്കാരിൽ 200 പേർക്കും വെള്ളപ്പൊക്കം മൂലം ജോലിക്ക് എത്താൻ കഴിഞ്ഞിട്ടില്ല. 17 കെഎസ്ആർടിസി ബസുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകി. കുമരകം, വൈക്കം, റാന്നി, സർവീസുകൾ ആരംഭിച്ചിട്ടില്ല. എംസി റോഡിലൂടെ സർവീസുകൾ ആരംഭിച്ചു. കുമളി സർവീസ് ഭാഗികമാണ്. സർവീസ് നടത്താൻ കഴിയുന്ന സ്ഥലം വരെ മാത്രമാണ് ബസുകൾ സർവീസ് നടത്തുന്നത്. 

∙സ്വകാര്യ ബസുകൾ മിക്കതും സർവീസ് ആരംഭിച്ചില്ല. 1100 സർവീസുകളിൽ 250 സർവീസുകൾ മാത്രമാണ് സർവീസ് ആരംഭിച്ചത്. മുണ്ടക്കയം, റാന്നി, പത്തനംതിട്ട, കോഴഞ്ചേരി, കുമരകം, പരിപ്പ്, അയ്മനം, വൈക്കം തുടങ്ങിയ മേഖലകളിൽ സർവീസ് ആരംഭിച്ചിട്ടില്ല. എംസി റോഡ്, തൊടുപുഴ–പാല എന്നീ റൂട്ടുകളിൽ സർവീസ് തുടങ്ങി.