എറണാകുളത്ത് രക്ഷാപ്രവർത്തനം തുടരുന്നു; പെരിയാറിലെ ജലനിരപ്പ് താഴ്ന്നു

ഒടുവിൽ രക്ഷ: ചെങ്ങന്നൂരിനടുത്ത് പ്രളയത്തിൽ ഒറ്റപ്പെട്ടു പോയ വീട്ടിൽ നിന്ന് രക്ഷിച്ച വയോധികയെ സൈനികർ സുരക്ഷിതസ്ഥാനത്തേക്കു നീക്കുന്നു. കരസേന പുറത്തുവിട്ട ചിത്രം.

കൊച്ചി ∙ എറണാകുളം ജില്ലയിൽ പ്രളയം ദുരന്തം വിതച്ച മേഖലകളിൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. കുത്തിയതോട്ടിൽ പെരുവെള്ളത്തിൽനിന്നു രക്ഷപ്പെടാൻ അഭയം തേടിയ പള്ളിേമടയുടെ ഭിത്തി ഇടിഞ്ഞു വീണു മരിച്ച ആറു പേരിൽ നാലു പേരുടെ മൃതദേഹം കൂടി ഇന്നു കണ്ടെടുത്തതായി സൂചന. രണ്ടു പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു.

∙ പറവൂർ മേഖലയിലടക്കം കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷിച്ചുവെന്നാണു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ദുരിതാശ്വാസ ക്യാംപുകളിലേക്കു പോകാൻ മടിച്ചു കെട്ടിടങ്ങളുടെ ടെറസിൽത്തന്നെ കഴിയുന്നവർക്കു ഹെലികോപ്റ്ററിലും മറ്റുമായി ഭക്ഷണ വിതരണം നടക്കുന്നുണ്ട്. അതേസമയം, ഇപ്പോഴും സഹായമെത്താത്തവർ ഏറെയുണ്ടെന്ന നിലപാടിലാണു പറവൂർ എംഎൽഎ വി.ഡി.സതീശൻ.

∙ ഇടമലയാർ, ഭൂതത്താൻകെട്ട് അണക്കെട്ടുകളിൽനിന്നു പെരിയാറിലേക്കൊഴുക്കുന്ന ജലത്തിന്റെ അളവു ഗണ്യമായി കുറച്ചതോടെ പെരിയാറിലെ ജലനിരപ്പ് അതിവേഗം താഴുകയാണ്. മുങ്ങിക്കിടന്ന പല പ്രദേശങ്ങളിലെയും വെള്ളം താഴ്ന്നുകഴിഞ്ഞു. എന്നാൽ, റോഡുകളിലും വീട്ടു വളപ്പുകളിലും വീടുകൾക്ക് ഉള്ളിലും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ട്. അവ വൃത്തിയാക്കുകയെന്ന ഭഗീരഥ പ്രവർത്തനത്തിനു പല മേഖലകളിലും തുടക്കമായി.

∙ റോഡ്, റെയിൽ, വ്യോമഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. കെഎസ്ആർടിസി സർവീസുകൾ ഇന്നു രാത്രിയോടെ സാധാരണ നിലയിലെത്തുമെന്നാണു പ്രതീക്ഷ. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം അടഞ്ഞുകിടക്കുന്നതിനാൽ കൊച്ചി നാവിക വിമാനത്താവളത്തിൽനിന്നു ചെറുവിമാനങ്ങളുടെ സർവീസ് ആരംഭിച്ചു. കൂടുതൽ സർവീസുകൾ നടത്താനുള്ള ശ്രമം തുടരുന്നു.