ചെങ്ങന്നൂരിൽ പരാതിയുമായി സൈന്യം; ഉദ്യോഗസ്ഥരെ ശകാരിച്ച് സജി ചെറിയാൻ

ചെങ്ങന്നൂരിലെ മഴദുരിതം.

ചെങ്ങന്നൂര്‍∙ രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ ചെങ്ങന്നൂരിൽ ആരോപണ പ്രത്യാരോപണങ്ങളും സജീവം. റവന്യൂ ഉദ്യോഗസ്ഥര്‍ പരാജയമെന്ന വിമര്‍ശനവുമായി സൈന്യം രംഗത്തെത്തി. ഇക്കാര്യം അവര്‍ സജിചെറിയാന്‍ എംഎല്‍എയെ അറിയിച്ചു. ഏകോപനത്തിനു വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നതാണു പ്രധാന പ്രശ്നമായി സൈന്യം ചൂണ്ടിക്കാട്ടുന്നത്.

സർക്കാർ ഉദ്യോഗസ്ഥരുടെ സമീപനത്ത‌പ്പറ്റി ക്യാംപിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ദുരിതബാധിതർ പരാതി ഉന്നയിച്ചിട്ടുണ്ട്. സമയോചിതമായി കാര്യങ്ങൾ ചെയ്യാത്തതിനു റവന്യൂ ഉദ്യോഗസ്ഥരെ സജി ചെറിയാൻ ശകാരിച്ചു. ഭക്ഷണമെത്തിക്കുന്നതില്‍ ഏകോപനം വേണമെന്ന് കോടിയേരിയും മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു.

അതേസമയം, ചെങ്ങന്നൂരിൽ ദുരിതാശ്വാസ പ്രവർത്തനം 95 ശതമാനവും പൂർത്തിയായി. വീടുകളിൽ നിന്നു സ്വയം പുറത്തുവരാത്തവർക്ക് ഏഴുടൺ ഭക്ഷണം വ്യോമസേന ഹെലികോപ്റ്ററിൽ വിതരണം ചെയ്തു. എന്നാൽ വൈകുന്നേരത്തോടെ ക്യാംപുകളിൽ രൂക്ഷമായ ഭക്ഷണക്ഷാമം നേരിടുകയാണെന്നതു മറ്റൊരു പ്രശ്നമായി. ഭക്ഷണം പ്രളയബാധിത പ്രദേശങ്ങളിലെത്തിക്കാൻ ചാക്കുകളുടെ അഭാവം കാരണം ഹെലികോപ്റ്ററുകൾക്കു കാത്തുകിടക്കേണ്ടി വന്നു.

ചെങ്ങന്നൂർ വെള്ളത്തിൽ നിന്നു കരകയറുകയാണ്. കല്ലിശ്ശേരിയിലും തിരുവൻവണ്ടൂരിലും വെള്ളം ഇറങ്ങിതുടങ്ങി. പാണ്ടനാടും വെൻമണിയും വെള്ളത്തിലാണ്. ഇനിയും വെള്ളത്തിൽ നിൽക്കുന്ന വീടുകളുമുണ്ട്. ജീവൻ രക്ഷപെട്ടു വീട്ടിലേക്കു തിരികെ എത്തുന്നവരുടെ ഹൃദയം തകർക്കുന്നതാണ് അവിടത്തെ സ്ഥിതി. പലയിടത്തും ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു ജനങ്ങൾ വീടുകളിലേക്കു മടങ്ങിത്തുടങ്ങി