ദുരിതാശ്വാസ ക്യാംപുകളിൽ അടയാളങ്ങളുമായി വരേണ്ട: സംഘടനകളോട് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ ദുരിതാശ്വാസ ക്യാംപുകളിൽ ചില സംഘടനകൾ അവരുടെ അടയാളങ്ങളുമായി കയറുന്നത് അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ക്യാംപിലെ അന്തേവാസികളെ സഹായിക്കാൻ കൊണ്ടുവരുന്ന വസ്തുക്കൾ ചുമതലയുള്ള ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയാണു വേണ്ടത്. അവ നേരിട്ടു വിതരണം ചെയ്യാൻ ശ്രമിക്കരുത്– മുഖ്യമന്ത്രി പറഞ്ഞു.

ക്യാംപിലുള്ളവരെ പുറത്തേക്കു വിളിച്ചിറക്കി സംസാരിക്കുന്നതിനു വിലക്കില്ല. ക്യാംപിനുള്ളിലേക്കു കയറുന്നതു ശരിയല്ല. ക്യാംപുകൾ വീടുപോലെയാണ്. അവിടേക്കു പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം വേണമെന്നു നിർദേശിച്ചിട്ടുണ്ട്. എല്ലാ ക്യാംപിലും പൊലീസ് കാവലുണ്ടാകും. സഹായ സന്നദ്ധരായി ചെല്ലുന്നവർ അവരുടെ തിരിച്ചറിയൽ കാണിക്കുന്നതിനുള്ള പ്രത്യേക വേഷങ്ങൾ ഉപയോഗിക്കേണ്ടതില്ല.

ദുരിതാശ്വാസത്തിനായി പണം ശേഖരിക്കുന്നുവെന്ന പേരിൽ ചില തെറ്റായ രീതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകമായി ദുരിതാശ്വാസനിധി പിരിക്കുന്നത് ഒഴിവാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നേരിട്ട് തുക നൽകുക എന്ന രീതി സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.