പ്രളയക്കെടുതി: കേരളത്തിനു കൈത്താങ്ങായി സുപ്രീംകോടതി ജഡ്ജിമാരും

ന്യൂഡൽഹി ∙ പ്രളയക്കെടുതി നേരിടാൻ കേരളത്തിനു സഹായവുമായി സുപ്രീംകോടതി ജഡ്ജിമാരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയാകും ജഡ്ജിമാർ സഹായം എത്തിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. 25 ജഡ്ജിമാരാണ് പരമോന്നത കോടതിയിലുള്ളത്. ഓരോ ജഡ്ജിയും 25,000 രൂപ വീതം സംഭാവന ചെയ്യുമെന്നാണു സൂചന. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് കേരളത്തിലെ ദുരിതം സുപ്രീംകോടതി ബഞ്ചിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഒരു കോടിയോളം ആളുകൾക്കു കിടപ്പാടം നഷ്ടമായ ഗുരുതരമായ അവസ്ഥയാണു നിലവിലുള്ളതെന്ന് എജി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എജി ഒരു കോടി രൂപ സംഭാവന ചെയ്തിരുന്നു. സുപ്രീംകോടതിയിലെ പല മുതിർന്ന അഭിഭാഷകരും സഹായവുമായി രംഗത്തെത്തിയവരിൽ ഉൾപ്പെടും.