പ്രളയം: രക്ഷയ്ക്കെത്തിയത് 2884 മത്സ്യത്തൊഴിലാളികൾ‌, 642 വള്ളങ്ങൾ

വീടുകളിൽ ഒറ്റപ്പെട്ടുപോയവരെ സുരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തി കോഴഞ്ചേരി തെക്കേമലയിലെത്തിച്ചപ്പോൾ.

കൊല്ലം∙ സംസ്ഥാനത്ത് പ്രളയദുരിതബാധിതരെ രക്ഷിക്കാൻ രംഗത്തിറങ്ങിയത് 2884 മത്സ്യത്തൊഴിലാളികളും 642 വള്ളങ്ങളും. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും രക്ഷാപ്രവർത്തനം നടത്തിയതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഫിഷറീസ് വകുപ്പും മത്സ്യഫെഡും 15 മുതൽ ഇന്നലെ വരെ സംയുക്തമായി നടത്തിയ രക്ഷാദൗത്യത്തിന്റെ ഔദ്യോഗിക കണക്കുകളാണിത്. 3895 ലീറ്റർ ഡീസൽ, 230 ലൈഫ് ജാക്റ്റുകൾ, 1423 ലീറ്റർ 2ടി ഓയിൽ, 40 എച്ച്പി പുതിയ എൻജിനുകൾ എന്നിവ രക്ഷാപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. ഇതിനു പുറമെ സ്വന്തം നിലയിലും മത്സ്യത്തൊഴിലാളികളും വള്ളങ്ങളും രംഗത്തിറങ്ങിയിരുന്നു.

രക്ഷാദൗത്യത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ കൊല്ലത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആദരിക്കും. വള്ളങ്ങളുടെ അറ്റകുറ്റപ്പണികൾ സർക്കാരിന്റെ മേൽനോട്ടത്തിൽ നിർവഹിക്കും. ആവശ്യമെങ്കിൽ പുതിയ എൻജിനുകളും നൽകും. ഇതിനുള്ള പണം മത്സ്യഫെഡ് ചെലവിട്ട ശേഷം ഫിഷറീസ് വകുപ്പു വഴി അനുവദിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. 

സേവനത്തിനായി പോയ മത്സ്യത്തൊഴിലാളികൾക്കു ചെങ്ങന്നൂർ കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്ന് ഇന്ധനവും ഭക്ഷണവും നൽകാൻ സൗകര്യമേർപ്പെടുത്തിയിരുന്നു. കൊല്ലത്തുനിന്ന് ഇന്ധനവും ഭക്ഷണവും പൊലീസിന്റെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തിൽ എത്തിച്ചു നൽകുകയായിരുന്നു. രക്ഷാദൗത്യം ഏകോപിപ്പിച്ചതും കൺട്രോൾ റൂം വഴിയാണ്. ഇന്ധനവും ഭക്ഷണവും നൽകിയില്ലെന്ന തരത്തിൽ ആലപ്പുഴ എംപി നടത്തിയ പ്രസ്താവന നിർഭാഗ്യകരമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. ദുരന്തസമയത്ത് മാധ്യമങ്ങളുടെ റിപ്പോർട്ടിങ് പക്വമായതും ദുരിതബാധിതരെ സഹായിക്കാൻ ഉതകുന്നതുമായിരുന്നുവെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. 

മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, കലക്ടർ ഡോ. എസ്.കാർത്തികേയൻ, സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.