പശുക്കടത്ത് ആരോപിച്ച് കൊല: രാജസ്ഥാൻ വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി ∙ പശുക്കടത്ത് ആരോപിച്ച് അൽവറിൽ ആൾക്കൂട്ടം യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനോടു സുപ്രീംകോടതി വിശദീകരണം തേടി. രാജസ്ഥാൻ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നു സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം മുപ്പതിലേക്കു മാറ്റി.

ജൂലൈ 20 ന് രാത്രിയാണ് ഹരിയാനയോട് ചേർന്ന അൽവറിൽ റക്ബർ ഖാൻ, അസ്‍ലം എന്നിവരെ ആള്‍ക്കൂട്ടം ആക്രമിച്ചത്. അസ്‍ലം ഓടിരക്ഷപ്പെട്ടു. ഹരിയാനയിലെ മേവാഡ് ജില്ലയിലെ ഫിറോസ്പൂർ സ്വദേശിയാണ് റക്ബർ. റക്ബറിന്‍റെ കുടുംബത്തിന് ഹരിയാന സർക്കാർ എട്ടു ലക്ഷം രൂപ നൽകിയിരുന്നു.