‘കുഞ്ഞിനെ പാത്രത്തിലിരുത്തി ഒഴുക്കിവിടാൻ തോന്നി, അവനെങ്കിലും രക്ഷപ്പെടട്ടെ...’

രശ്മിയും മകൻ ദർശനും.

ചെങ്ങന്നൂർ ∙ ‘അപ്പോൾ മൂന്നു ദിവസമായിരുന്നു, രണ്ടാം നിലയിലേക്കും വെള്ളം ഇരച്ചെത്തുന്നു. ഞങ്ങളെല്ലാവരും മുങ്ങിപ്പോകുമെന്ന് ഉറപ്പായി. എന്റെ മോന് 11 മാസമേ ആയിട്ടുള്ളൂ. അവനെ ഒരു   പാത്രത്തിൽ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാമെന്നു തോന്നി. അവനെങ്കിലും രക്ഷപ്പെടട്ടെ എന്നായിരുന്നു അപ്പോഴത്തെ വിചാരം’ – പറയുന്നതു തന്റെ കാര്യമാണെന്നു തിരിച്ചറിഞ്ഞ മട്ടിൽ പുഞ്ചിരി തൂകുകയാണു രശ്മിയുടെ ഒക്കത്തിരുന്ന് കുഞ്ഞുദർശൻ. 

പ്രളയദുരിതം തകർത്ത പാണ്ടനാട്ടിലെ വീടിന്റെ മുകളിൽനിന്നു നാവികസേനയാണു കിരിയാൻമഠത്തിൽ രശ്മിയെയും മകൻ ദർശനെയും മാതാപിതാക്കളെയും രക്ഷിച്ചത്. 15നു രാവിലെ വീടിനുള്ളിലേക്കു വെള്ളം കയറിത്തുടങ്ങിയപ്പോൾ അടുത്ത വീടിന്റെ ഒന്നാംനിലയിലേക്ക് അച്ഛൻ രാധാകൃഷ്ണപിള്ളയ്ക്കും അമ്മ സുഷമയ്ക്കുമൊപ്പം മാറിയതാണു രശ്മിയും മകനും. ഭർത്താവ് അജിത്ത് വിദേശത്താണ്. 14 കുടുംബങ്ങളിൽ നിന്നായി 58 പേരാണു കെട്ടിടത്തിന്റെ ഒന്നാംനിലയിലുണ്ടായിരുന്നത്. പത്തുപേർ കുട്ടികൾ. 

‘രക്ഷതേടി ഒരുപാടു നമ്പരുകളിൽ വിളിച്ചു. ഒരു ഫലവുമുണ്ടായില്ല. ഫോണിന്റെ ബാറ്ററി ചാർജുംതീർന്നു. ഒഴുക്കു കൂടിയപ്പോൾ ഇതുവഴി വള്ളമോ ബോട്ടോ രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷ ഇല്ലാതായി’. രശ്മി പറയുന്നു. ശനിയാഴ്ച പുലർച്ചെയാണു നാവികസേന നദിയിലൂടെയെത്തി ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവർ എവിടെയെന്നറിയാതെ പരക്കം പായുകയായിരുന്നു ബന്ധുക്കൾ. ഒടുവിൽ പരുമല പള്ളിയോടു ചേർന്ന ക്യാംപിലെത്തി അന്വേഷിച്ചപ്പോഴാണു ബന്ധുക്കൾക്ക് ഇവരെ കണ്ടെത്താനായത്.