കമാൻഡർ, ആ നന്ദി ഒരാളിന്റേതല്ല, ഒരു നാടിന്റേതാണ്; ഹൃദയം കൊണ്ടെഴുതിയത് !

വീടിനു മുകളിൽ നന്ദി എന്ന് എഴുതിയ നിലയിൽ. ചിത്രം: എഎൻഐ ട്വിറ്റർ.

കൊച്ചി ∙ ആരായിരിക്കും അങ്ങനൊരു നന്ദി ആ വീടിനു മുകളിൽ എഴുതിയിട്ടത്? ആരായാലും അതു ഹൃദയത്തിൽനിന്നു വന്നതാണ്. ആലുവ ചെങ്ങമനാട്ടു പൂർണഗർഭിണിയായ സാജിദയെന്ന യുവതിയെ നാവിക സേനാ കമാൻഡർ വിജയ് വർമയും സംഘവും അതിസാഹസികമായി വീടിനു മുകളിൽനിന്നാണ് രക്ഷിച്ചത്. നാവികസേനാ ആശുപത്രിയിൽ എത്തിയ യുവതി ഉച്ചയോടെ ആൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. സാജിദയ്ക്കൊപ്പം മറ്റൊരു സ്ത്രീയെയും സേന രക്ഷിച്ചിരുന്നു. ഈ സംഭവത്തിനു ശേഷമാണ് ഒരു വീടിനു മുകളിൽ വെള്ള പെയ്ന്റ് ഉപയോഗിച്ച് ആരോ ‘‘താങ്ക്സ്’ എന്ന് ഇംഗ്ലിഷിൽ എഴുതിയിട്ടത് ആകാശത്തുനിന്നു നോക്കിയാൽ കാണുംവിധം വലുപ്പത്തിൽ നന്ദി എഴുതിയിട്ടതിന്റെ ചിത്രം നാവികസേന തന്നെയാണ് ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത്. നമ്മുടെ സൈന്യത്തിനു മനസ്സറിഞ്ഞ്, ഹൃദയം നിറഞ്ഞ് നന്ദി പറഞ്ഞതാകും ആ അജ്ഞാതൻ.

മലയാളിയായ കമാൻഡർ വിജയ് വർമയും സംഘവും സമ്മാനങ്ങളുമായി കഴിഞ്ഞ ദിവസം നേവൽബേസിലെ ആശുപത്രിയിൽ എത്തി സാജിദ ജബീലിനെയും കുഞ്ഞിനെയും കണ്ടിരുന്നു. സാജിദ കുടുങ്ങിപ്പോയ കെട്ടിടം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. ചുറ്റിലും വെള്ളവും മരങ്ങളും മാത്രം. ഡോ. മഹേഷിനെ ആദ്യം താഴെയിറക്കി. ഉടൻ ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ‘പൂർണ ഗർഭിണിയെ ഹെലികോപ്ടറിലേക്ക് ഉയർത്തുന്നതിൽ അൽപം അപകട സാധ്യതയുണ്ടായിരുന്നു. എങ്കിലും രണ്ടു ജീവൻ രക്ഷിക്കേണ്ട സാഹചര്യമായതിനാൽ മറ്റൊന്നും ആലോചിച്ചില്ല. സാജിദ ധൈര്യപൂർവം തയാറാകുകയും നിർദേശങ്ങളെല്ലാം അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു’– കമാൻഡർ വിജയ് വർമ ഒാർക്കുന്നു.

ഗർഭിണിയായ സ്ത്രീയെ നേവി രക്ഷപ്പെടുത്തുന്നു, കമാൻഡർ വിജയ് വർമ