കിട്ടാക്കടം: ബാങ്കും സർക്കാരും ഉത്തരവാദികളെന്ന് എസ്ബിഐ ചെയര്‍മാന്‍

എസ്ബിഐ ചെയര്‍മാന്‍ രജ്നീഷ് കുമാർ.

മുംബൈ ∙ രാജ്യത്ത് കിട്ടാക്കടങ്ങൾ വർധിച്ചതിനു ബാങ്കുകളും കേന്ദ്രസർക്കാരും നിയമവ്യവസ്ഥയും ഒരുപോലെ ഉത്തരവാദികളാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജ്നീഷ് കുമാർ. മുംബൈയിൽ ഒരു ബാങ്കിങ് കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘ബാങ്കുകാരും കടമെടുക്കുന്ന വ്യവസായ സ്ഥാപനങ്ങളും വ്യക്തികളും, എന്തിന് നിയമവ്യവസ്ഥ പോലും ഈ പ്രതിസന്ധിക്ക് ഉത്തരവാദികളാണെന്നാണ് എന്‍റെ അഭിപ്രായം. സർക്കാർ പദ്ധതികളും വായ്പാപരിധി തികയ്ക്കാനുള്ള വായ്പനൽകലും കിട്ടാക്കടങ്ങൾക്കു കാരണമായിട്ടുണ്ട്. 

ബാങ്കുകളും വായ്പ സ്വീകരിക്കുന്നവരും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമാണ്. പല കേസുകളിലും ഈ വിശ്വാസം ലംഘിക്കപ്പെട്ടിട്ടുണ്ട്. കൃത്യമായ പരിശോധനകൾ നടക്കാതിരുന്നതാവാം കാരണം.’ – രജ്നീഷ് കുമാർ പറഞ്ഞു. 

തീരുമാനം കൈകൊള്ളുന്നതിൽ ബാങ്കുകളുടെ ഭാഗത്തു നിന്നുള്ള കാലതാമസവും കിട്ടാക്കട വർധനക്ക് പ്രധാന കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൺസോർഷ്യം എന്ന ആശയം തന്നെ കാലതാമസത്തിനു വഴിവയ്ക്കുന്നതാണ്. കൺസോർഷ്യത്തിലുള്ള ബാങ്കുകളുടെ എണ്ണം കുറയ്ക്കുകയാണ് ഇതു നേരിടാനുള്ള ഒരു പോംവഴി. സമാന തലത്തിലുള്ളതും റിസ്കുകൾ നേരിടാൻ ഒരുപോലെ പ്രാപ്തിയുള്ളതുമായ ബാങ്കുകളുടെ സാന്നിധ്യം കൺസോർഷ്യത്തിൽ ഉറപ്പാക്കുകയാണ് മറ്റൊരു വഴി. 

പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം 2013 –17 കാലയളവിൽ 311 ശതമാനം വർധിച്ചതായി ധനമന്ത്രി അരുൺ ജയ്റ്റ്‍ലി നേരത്തെ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.