പ്രളയദുരിതത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിന്റെ നഷ്ടം 250 കോടി

കൊച്ചിയിൽ നാവികസേനയുടെ വിമാനത്താവളത്തിൽ തിങ്കളാഴ്ച അതിരാവിലെ ഇറങ്ങിയ ചെറു യാത്രാവിമാനം.

കൊച്ചി ∙ വില്ലിങ്ഡൻ ദ്വീപിലെ നാവിക സേനാ വിമാനത്താവളത്തിൽനിന്നു പൊതുയാത്രാവിമാനങ്ങളുടെ സർവീസ് തുടങ്ങി. ബെംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കുമായി മൂന്നു സർവീസുകൾ നടത്തി. ചൊവ്വാഴ്ച മുതൽ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങും. എയർ ഇന്ത്യയുടെ 70 സീറ്റുള്ള എടിആർ–72 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ് തിങ്കളാഴ്ച നാവികസേനാ താവളത്തിൽനിന്നു സർവീസ് തുടങ്ങിയത്. മുഴുവൻ സീറ്റുകളിലും ആളുണ്ടായിരുന്നു. 

ചൊവ്വാഴ്ച ഇൻഡിഗോയാണ് ചെന്നൈ സർവീസുകൾ തുടങ്ങുന്നത്. ബെംഗളൂരുവിലേക്കും പറക്കുന്നുണ്ട്. എയർ ഇന്ത്യയാണു ഹൈദരാബാദ് സർവീസ് തുടങ്ങുന്നത്. തിരുവനന്തപുരത്തു നിന്ന് അധികമായി 18 രാജ്യാന്തര വിമാന സർവീസുകളും 10 ആഭ്യന്തര സർവീസുകളുമാണ് പ്രതിദിനം നടത്തുന്നത്. 26 വരെ അധിക സർവീസുകൾ തുടരും. ജീവനക്കാർ ഡബിൾ ഡ്യൂട്ടി ചെയ്താണ് അധിക സർവീസുകൾ ഏകോപിപ്പിക്കുന്നത്. 

നെടുമ്പാശേരിയിൽ നഷ്ടം 250 കോടി!

രണ്ടര കിലോമീറ്റർ നീളത്തിൽ ഇടിഞ്ഞ ചുറ്റുമതിൽ, വെള്ളം കയറി പ്രവർത്തന രഹിതമായ ബാഗേജ് സ്കാനറുകളും എക്സ്റേ യന്ത്രങ്ങളും നിരീക്ഷണ ക്യാമറകളും... പ്രളയത്തെത്തുടർന്ന് പ്രവർത്തനം നിർത്തിവച്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് നഷ്ടം 220 കോടി മുതൽ 250 കോടി വരെയെന്ന് കണക്ക്. 26ന് വിമാനത്താവളം പ്രവർത്തനം പുനരാരംഭിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചു.

വിമാനത്താവളത്തിലെ റൺവേയിലും ടാക്സി വേയിലും വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രണിലും വെള്ളം വലിഞ്ഞു. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലും ഡ്യൂട്ടി ഫ്രീ ഷോപ്പിലുമെല്ലാം വെള്ളം കയറിയിരുന്നു. ഇവിടങ്ങളെല്ലാം വൃത്തിയാക്കുകയും അണു വിമുക്തമാക്കുകയുമാണ് ആദ്യ ദൗത്യം. ഇതിനായി 200 പേരെ ഏർപ്പെടുത്തി. റൺവേയിലെ ചെറിയ തകരാറുകൾ പരിഹരിക്കാൻ മൂന്നു മില്ലിങ് യന്ത്രങ്ങൾ തമിഴ്നാട്ടിൽ നിന്ന് എത്തിച്ചു.

വിമാനത്താവളത്തിനു ചുറ്റുമുള്ള മതിൽ പലയിടത്തും ഇടിഞ്ഞത് സുരക്ഷാ പ്രശ്നമാണ്. മതിൽ കെട്ടുന്നതിനു കൂടുതൽ സമയം  എടുക്കുമെന്നതിനാൽ തൽക്കാലം ലോഹഷീറ്റുകൾ വച്ച് മറയ്ക്കാനുള്ള ജോലിയും ആരംഭിച്ചു. 

അതിലേറെ പ്രശ്നം വിമാനത്താവളത്തിലെ ഇലക്ട്രിക് ഉപകരണങ്ങളും വൈദ്യുത വിളക്കുകളും തകരാറിലായതാണ്. റൺവേ ലൈറ്റുകൾ ഉൾപ്പെടെ നന്നാക്കേണ്ടി വരും. നിരീക്ഷണ ക്യാമറകളും ടിവികളെല്ലാം പ്രവർത്തിപ്പിക്കണം. നിരവധി ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകളിൽ വെള്ളം കയറിയിരുന്നു. അവ പരിശോധന നടത്തി അപകടം ഇല്ലെന്ന് ഉറപ്പു വരുത്തി ചാർജ് ചെയ്യണം. യാത്രക്കാരുടെ പെട്ടികൾ വരുന്ന കൺവെയർ ബെൽറ്റുകളിലും വെള്ളം കയറിയിട്ടുണ്ട്.