തെറ്റ് ചെയ്തില്ലെന്നു രാജു, ചെയ്തെന്നു കാനം; മന്ത്രിക്കെതിരെ സിപിഐയിൽ ശക്തമായ വികാരം

തിരുവനന്തപുരം∙ വിവാദത്തെ തുടർന്നു ജർമനി യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയ മന്ത്രി കെ. രാജു, താൻ തെറ്റായിട്ടൊന്നും ചെയ്തില്ലെന്നു പ്രതികരിച്ചു. മന്ത്രി ചെയ്തതിൽ പാർട്ടിക്ക് അസംതൃപ്തിയുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാവിലെ വ്യക്തമാക്കിയതിനു പിന്നാലെയാണു യാത്രയെ രാജു ന്യായീകരിച്ചത്. 

ഇതോടെ സിപിഐയിൽ മന്ത്രിക്കെതിരായുള്ള വികാരം ശക്തമായി. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു തന്നെ ഒഴിവാക്കുന്നത് ആലോചിക്കണമെന്ന വികാരം മുതിർന്ന നേതാക്കളടക്കം പ്രകടിപ്പിക്കുന്നു. സിപിഐയുടെയും സഹസംഘടനകളുടെയും പ്രവർത്തകർ സമൂഹമാധ്യമങ്ങളിലും മന്ത്രിയെ തള്ളിപ്പറഞ്ഞു. 

പ്രളയക്കെടുതിക്കിടെ വിദേശയാത്ര നടത്തിയ മന്ത്രി രാജു ഇന്നലെ വൈകിട്ടാണു ജർമൻ നഗരമായ ബോണിൽ നിന്നു തിരിച്ചെത്തിയത്. താൻ പോയ സമയത്തു കാര്യമായ പ്രകൃതിക്ഷോഭമില്ലായിരുന്നുവെന്നു രാജു അവകാശപ്പെട്ടു. (പെരുമഴ രണ്ടാമതും ശക്തമായത് 14 നായിരുന്നു. മന്ത്രി പുറപ്പെട്ടത് 15 ന് രാത്രിയും). 

താൻ 15ന് കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷമാണു പോയത്. ആദ്യമുണ്ടായ പ്രകൃതിക്ഷോഭത്തിനു ശേഷം വെള്ളം കുറഞ്ഞുവന്ന സമയമായിരുന്നു അതെന്നു രാജു പറഞ്ഞു. ലോക മലയാളി കൗൺസിലിന്റെ സമ്മേളനം മൂന്നുമാസം മുമ്പ് നിശ്ചയിച്ചതാണ്. മലയാളികൾ തന്നെയാണ് അതു സംഘടിപ്പിക്കുന്നത്. അവരുടെ പ്രിയപ്പെട്ടവർ ഇവിടെയുണ്ടല്ലോ. അതുകൊണ്ട് അതിൽ പങ്കെടുക്കുന്നത് ന്യായമായ ആവശ്യമായിട്ടാണു കരുതിയത്. എന്നാൽ പെട്ടെന്നു സ്ഥിതിഗതികൾ മാറി. അതു മുൻകൂട്ടി കണക്കിലെടുക്കാനായില്ല. 

ആ സാഹചര്യത്തിലാണു തിരിച്ചുവന്നത്. പാർട്ടിയോടും മുഖ്യമന്ത്രിയോടും അനുമതി വാങ്ങിയാണു പോയത് – രാജു വിശദീകരിച്ചു. 

അതേസമയം, മന്ത്രി ചെയ്തതിൽ അതൃപ്തിയുണ്ടെന്ന് കാനം വ്യക്തമാക്കി. അതുകൊണ്ടാണു തിരിച്ചുവിളിച്ചത്. അതു ഞാൻ തന്നെയാണു ചെയ്തത്. നടപടിയുടെ കാര്യം ഞാൻ ഒറ്റയ്ക്കു തീരുമാനിക്കേണ്ടതല്ല. പാർട്ടിയുടെ ആഭ്യന്തര കാര്യം മാധ്യമങ്ങളോടു ചർച്ചചെയ്യാനും കഴിയില്ല–കാനം വ്യക്തമാക്കി.