കാറിന്റെ ബോണറ്റിൽ പത്തടി നീളമുള്ള പെരുമ്പാമ്പ്

കീഴരിയൂരിൽ കാറിന്റെ ബോണറ്റിൽ കയറി കൂടിയ പത്തടി നീളമുള്ള പെരുമ്പാമ്പ്.

മേപ്പയൂർ∙ മഴയത്ത് വിളിക്കാതെ കാറിൽ വന്നുകയറിയ അതിഥിയെക്കണ്ട് കീഴരിയൂരുകാർ ഞെട്ടി; ഒത്ത നീളവും വണ്ണവുമുള്ളൊരു പെരുമ്പാമ്പ്. കീഴരിയൂർ നമ്പൂരികണ്ടി അബ്ദുൽസലാമിന്റെ കാറിലാണ് പെരുമ്പാമ്പ് വന്നു കയറിയത്. കാറിന്റെ ബോണറ്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. അബ്ദുൽസലാമിന്റെ വീട്ടുമുറ്റത്താണ് കാർ നിർത്തിയിട്ടിരുന്നത്.

സമീപപ്രദേശങ്ങളിലൊക്കെ വെള്ളംകയറിയിരുന്നെങ്കിലും സലാമിന്റെ വീട്ടിൽ കയറിയിരുന്നില്ല. അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയിൽ നിന്ന് 250 മീറ്റർ അകലെയാണ് വീട്. മഴ വിട്ടുനിന്നതോടെ ഇന്നലെ രാവിലെ കാർ സ്റ്റാർ‍ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു സലാം. പല തവണ ശ്രമിച്ചിട്ടും കാർ അനങ്ങിയില്ല.

തുടർന്ന് ബോണറ്റ് പൊക്കിനോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഞെട്ടിപ്പോയ അബ്ദുൽസലാം നാട്ടുകാരെ വിവരമിറിയിച്ചു. ഇതോടെ പെരുമ്പാമ്പിനെ കാണാൻ ആളുകൾ ഒഴുകിയെത്തി. തുടർന്ന് വനംവകുപ്പിന്റെ ജില്ലാകേന്ദ്രമായ മാത്തോട്ടം വനശ്രീയിലെ ഉദ്യോഗസ്ഥൻ എം.എ. ഹിജിത്ത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

പെരുമ്പാമ്പിന് 32 കിലോ തൂക്കമുണ്ട്. പത്തടി നീളവുമുണ്ട്. ഇരുപതുദിവസത്തോളം പെരുമ്പാമ്പ് വനശ്രീയിലെ അതിഥിയായിരിക്കും. തുടർന്ന് വയനാട് മുത്തങ്ങയിൽ ഉൾക്കാട്ടിൽ കൊണ്ടുപോയി വിടുമെന്നു ഹിജിത്ത് പറഞ്ഞു.

പാമ്പിനെ സൂക്ഷിക്കുക

കൊച്ചി∙ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കു ഭീഷണിയായി പാമ്പുഭീതി. ചത്തതും ജീവനുള്ളതുമായ പാമ്പുകൾ മലവെള്ളത്തിൽ ധാരാളമായി ഒഴുകിയെത്തിയിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ വീട്ടുമുറ്റത്തു കണ്ടതിൽ അധികവും ജീവനുള്ള വിഷപ്പാമ്പുകളാണ്. തീരദേശത്തു കണ്ട പല പാമ്പുകളും ചത്ത നിലയിലായിരുന്നു.