യുഎഇ നൽകിയ 700 കോടി പ്രതിസന്ധിയില്‍; തടസ്സം കേന്ദ്രസർക്കാർ നയം

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കുന്നു. (ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി∙ പ്രളയദുരിതാശ്വാസത്തിനായി യുഎഇ കേരളത്തിനു നല്‍കിയ എഴുനൂറ് കോടി രൂപയും െഎക്യരാഷ്ട്രസഭയുടെ സഹായവും പ്രതിസന്ധിയിൽ‍. ദുരന്തങ്ങള്‍ നേരിടാന്‍ വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ നയമാണു ഇതിനു തടസമാകുന്നത്. വായ്പയായി ധനസഹായം സ്വീകരിക്കാമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിദേശസഹായത്തിന്‍റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.

ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. 2004 ല്‍ ബിഹാര്‍ പ്രളയസമയത്ത് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സ്വീകരിച്ച സാമ്പത്തിക സഹായമാണ് ഒടുവിലത്തേത്. സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് സ്വീകരിച്ച നിലപാട്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്‍കാന്‍ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചു. 

വളര്‍ന്നുവരുന്ന സാമ്പത്തികശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയ്ക്ക് ദുരന്തങ്ങള്‍ നേരിടുകയെന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍ അമേരിക്ക, ചൈന, ജപ്പാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ട്. കേരളത്തിന് യുഎഇയും ജപ്പാനും അടക്കം വിദേശരാജ്യങ്ങളും യുഎന്‍ ഉള്‍പ്പെട വിദേശ ഏജന്‍സികളും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്വീകരിക്കുന്നതിന് നേരത്തെയുള്ള ഈ നയം തടസമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.‌ 

വിദേശസഹായം കേന്ദ്രസര്‍ക്കാര്‍ വഴിമാത്രമേ കേരളത്തിനു നല്‍കാന്‍ കഴിയൂ. പ്രളയം നേരിടാനുള്ള കെല്‍പ്പ് ഇന്ത്യയ്ക്കുണ്ടെന്നും പുനര്‍നിര്‍മാണത്തിന് ഉള്‍പ്പെടെ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് യുഎന്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിനുള്ള വിദേശ സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചിട്ടുണ്ടെങ്കിലും അവ സ്വീകരിക്കുമോയെന്ന് ഇനിയും വ്യക്തമല്ല.