എൻ.എൻ. വോറയെ നീക്കി; സത്യപാൽ മലിക് കശ്മീർ ഗവർണറാകും

സത്യപാൽ മലിക്, ലാൽജി താൻഡന്‍

ന്യൂഡൽഹി∙ എൻ.എൻ. വോറയെ ജമ്മു കശ്മീർ ഗവർണര്‍ സ്ഥാനത്തു നിന്നു നീക്കി. നിലവിലെ ബിഹാർ ഗവർണർ സത്യപാൽ മലിക്കിനാണു പകരം ചുമതല. പത്തുവർഷത്തിലധികമായി കശ്മീർ ഗവർണറുടെ ചുമതല വഹിക്കുന്നയാളാണ് എൻ.എൻ. വോറ.

മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുമായുള്ള സഖ്യം ബിജെപി ഉപേക്ഷിച്ചതിനാൽ കശ്മീർ സംസ്ഥാന സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ജൂണ്‍ 20 മുതല്‍ ഗവർണർ ഭരണത്തിലാണ് ജമ്മു കശ്‍മീർ. ഉയർന്നു വരുന്ന ഭീകരതയും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചത്. കശ്മീർ ഗവർണറെ മാറ്റാൻ സാധ്യതയുണ്ടെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. യുപിഎ സർക്കാരാണ് വോറയെ കശ്മീര്‍ ഗവർണറായി നിയമിച്ചത്. എന്നാൽ ബിജെപി അധികാരത്തിലെത്തിയപ്പോഴും അദ്ദേഹം സ്ഥാനത്തു തുടരുകയായിരുന്നു.  കഴിഞ്ഞ ജൂൺ 28ന് വോറയുടെ കാലാവധി അവസാനിച്ചിരുന്നതാണ്. എന്നാൽ അമർനാഥ് യാത്ര മുൻനിർത്തി അദ്ദേഹത്തിനെ തുടരാൻ അനുവദിക്കുകയായിരുന്നു.

ബിജെപി ദേശീയ വൈസ് പ്രസിഡന്റായിരുന്ന സത്യപാൽ മലിക് കഴിഞ്ഞ സെപ്റ്റംബറിലാണ് ബിഹാർ ഗവർണറായി ചുമതലയേറ്റത്. 1990ൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 72 കാരനായ മലിക് രണ്ട് തവണ രാജ്യസഭാംഗമായിരുന്നു. 1989 മുതല്‍ 90 വരെ ലോക്സഭാംഗവുമായിരുന്നു. മലികിന്റെ ഒഴിവിലേക്ക് മുതിർന്ന ബിജെപി നേതാവ് ലാൽജി താൻഡനാണ് എത്തുക. സത്യദേവ് നാരായൺ ആര്യയെ ഹരിയാന ഗവർണറായും ബേബി റാണി മൗര്യയെ ഉത്തരാഖണ്ഡ‍് ഗവർണറായും നിയമിച്ചു. ഗംഗാപ്രസാദ്– സിക്കിം, തഥാഗത റോയ്– മേഘാലയ, കപ്തൻ സിങ് സോളങ്കി– ത്രിപുര എന്നിവയാണ് മറ്റു നിയമനങ്ങള്‍.