നന്ദി; മുന്നോട്ടു പോകാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ട്: യുഎഇയോട് കേന്ദ്രം

പ്രളയക്കെടുതി വിലയിരുത്താൻ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. ഗവർണർ പി.സദാശിവം സമീപം (ഫയൽ ചിത്രം).

ന്യൂഡൽഹി∙ പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിനു വിദേശ രാജ്യങ്ങള്‍ നല്‍കുന്ന സഹായം സ്വീകരിക്കേണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍. അതീവ ഗുരുതരമായ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കോ പുനരധിവാസത്തിനോ വിദേശ രാജ്യങ്ങളുടെ സഹായം തേടേണ്ടതില്ല എന്ന നിലപാടിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നില്ല. കേരളത്തിനു സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളോട് നന്ദി പറയുന്നതിനൊപ്പം ഇക്കാര്യവും വിദേശകാര്യ മന്ത്രാലയം അറിയിക്കും. വിദേശസഹായം നേടാന്‍ ഇനി കേരളത്തിന്‍റെ ഭാഗത്തുനിന്നു ശക്തമായ രാഷ്ട്രീയ സമ്മര്‍ദം വേണ്ടിവരും.

യുഎഇ 700 കോടി രൂപയും ഖത്തര്‍ 35 കോടി രൂപയുമാണു കേരളത്തിനു നല്‍കാന്‍ തയാറായത്. മാലദ്വീപും ജപ്പാനും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്.

2004നുശേഷം വിദേശ രാജ്യങ്ങളില്‍നിന്നോ വിദേശ ഏജന്‍സികളില്‍ നിന്നോ സമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. കേരളത്തിനു സഹായം വാഗ്ദാനം ചെയ്ത എല്ലാ രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ചിട്ടുണ്ടെങ്കിലും 15 വര്‍ഷമായി തുടരുന്ന നയം മാറ്റേണ്ടതില്ലെന്നാണു കേന്ദ്ര നിലപാട്. ഭരണാധികാരികള്‍ അടക്കം വിദേശത്തുള്ളവര്‍ക്കു വ്യക്തിപരമായി ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കേന്ദ്രം പ്രഖ്യാപിച്ച 600 കോടി രൂപ അപര്യാപ്തമാണെന്നിരിക്കെ കേരളത്തെ പ്രതിസന്ധിയിലാക്കുന്നതാണു തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മതിയായ തുക പ്രഖ്യാപിക്കുകയോ നയം മാറ്റുകയോ വേണം. അതിനിടെ, കേന്ദ്രത്തിന്റെ അനുമതി ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചാല്‍ സഹായം ലഭിക്കുമെന്നു ശശി തരൂര്‍ എംപി വ്യക്തമാക്കി. ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ അധികാരികളുമായി നടത്തിയ ചര്‍ച്ചയ്‍ക്കു ശേഷമാണു തരൂര്‍ ഇക്കാര്യം അറിയിച്ചത്.