ദുരിതാശ്വാസനിധിയിലേക്ക് രണ്ടരപ്പവന്റെ സ്വർണ്ണവള നൽകി നവദമ്പതികൾ

നവദമ്പതികള്‍ വള നല്‍കുന്നു.

പാലക്കുന്ന് (കാസർകോട്)∙ കാരുണ്യ പ്രവർത്തനത്തിനു സാക്ഷ്യം വഹിച്ചു കതിർ മണ്ഡപം. ഞായറാഴ്ച പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ വേദിയാണു പ്രളയ ദുരിതത്തിൽ കഴിയുന്ന കേരളീയ ജനതയ്ക്കു കൈത്താങ്ങായത്. വധുവും വരനും വിവാഹ ആഭരണത്തിൽനിന്നു നിറഞ്ഞ മനസ്സോടെ രണ്ടരപവന്റെ സ്വർണ്ണവള വധുവിന്റെ കൈയ്യിൽനിന്ന് ഊരി നൽകുകയായിരുന്നു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് സ്വരൂപിക്കുന്ന കാരുണ്യ നിധിയിലേക്കു കതിർ മണ്ഡപത്തിൽ വച്ചുതന്നെ സ്വർണ്ണവള ലയൺസ് ക്ലബ് ഭാരവാഹികൾക്കു കൈമാറി. 

നവദമ്പതികളുടെ തീരുമാനത്തെ നിറഞ്ഞ കയ്യടികളുടെയാണു വിവാഹ വേദിയിലെത്തിയ ബന്ധുമിത്രാദികളും നാട്ടുകാരും സ്വീകരിച്ചത്. കേരളം മുഴുവൻ ദുരിതബാധിതർക്കൊപ്പം നിൽക്കുമ്പോൾ ഞങ്ങളും അവരോടൊപ്പം ചേരുകയാണെന്നു വധൂവരൻമാരായ പ്രസാദും അശ്വതിയും പറഞ്ഞു. വധൂവരൻമാരുടെ തീരുമാനത്തെ രണ്ട് പേരുടെയും മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഉദുമ മുക്കുന്നോത്ത് ബാര ചവോക്ക് വളപ്പിൽ ദാമോദരൻ - പുഷ്പ ദമ്പതികളുടെ മകൻ പ്രസാദ് ദാമോദരന്റെയും ഉദുമ പടിഞ്ഞാർ ജന്മാ കടപ്പുറത്തെ അശ്വതി നിവാസിലെ കെ.കൃഷ്ണൻ - ശ്യാമള ദമ്പതികളുടെ മകൾ അശ്വതിയുടെയും വിവാഹവേദിയായിരുന്നു സ്ഥലം. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുകമാരൻ പൂച്ചക്കാടിന്റെ അനന്തരവളാണു വധു അശ്വതി.

ലയൺസ് സോൺ ചെയർപഴ്സൻ കെ. ദിനേശ്കുമാർ, ബേക്കൽ ഫോർട്ട് ലയൺസ് ഭാരവാഹികളായ സുകുമാരൻ പൂച്ചക്കാട്, പ്രകാശൻ മാസ്റ്റർ, ഷൗക്കത്തലി, അൻവർ ഹസ്സൻ, ഹാറൂൺ ചിത്താരി, ഖാലിദ് പാലക്കി, അബ്ദുൽ നാസ്സർ, നൗഷാദ് ഗസൽ, ഗോവിന്ദൻ നമ്പൂതിരി മാസ്റ്റർ, എം.എ. ബഷീർ ചിത്താരി എന്നിവർ ഏറ്റുവാങ്ങി. സ്വർണ്ണവള ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രളയബാധിത മേഖലയിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തന ഫണ്ടിൽ ഉൾപ്പെടുത്തുമെന്നു ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.