അധിക വിമാന സർവീസുകൾ തുടരുന്നു; നിരക്ക് പത്തിരട്ടി കൂട്ടി ആകാശക്കൊള്ള

കൊച്ചി നാവിക വിമാനത്താവളത്തിൽ യാത്രാ വിമാനം ഇറങ്ങിയപ്പോൾ (ഫയൽ ചിത്രം: ഇ.വി. ശ്രീകുമാർ)

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ ഉറപ്പുകൾ ലംഘിച്ച് വിമാനയാത്രക്കൂലിയിൽ വൻ വർധന. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ് ഉൾപ്പെടെയുള്ള വിദേശനഗരങ്ങളിലേക്കും പത്തിരട്ടി വരെയാണു നിരക്കു കൂടിയത്. ബലി പെരുന്നാൾ, ഓണം അവധികളും നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതും മുതലെടുത്ത് തീവെട്ടിക്കൊള്ളയാണു വിമാനക്കമ്പനികൾ നടത്തുന്നത്.

കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ നിരക്ക് അമിതമായി വർധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശമുണ്ടായിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യയിൽ തന്നെയാണ് ഏറ്റവും ഉയർന്ന നിരക്ക്. ബെംഗളൂരുവിൽ നിന്ന് കൊച്ചി നാവിക വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന അലയൻസ് എയറിൽ ബുധനാഴ്ച ടിക്കറ്റ് നിരക്ക് 6816 രൂപയാണ്. തുടർന്നുള്ള ദിവസങ്ങളിൽ 6000-9000 രൂപയും. മറ്റു വിമാന സർവീസുകളിൽ തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കും തിരികെയുമുള്ള ഇന്നത്തേക്കുള്ള ടിക്കറ്റുകൾ 5200-11,000 നിരക്കിൽ ലഭ്യമാണ്.

കൊച്ചി നാവിക വിമാനത്താളത്തിൽനിന്ന് ഏതാനും ഫ്ളൈറ്റുകൾ മാത്രമേ ഉള്ളുവെങ്കിലും അവയെല്ലാം നിറഞ്ഞാണു പോകുന്നത്. 70 സീറ്റ് മാത്രമുള്ള എടിആർ വിമാനങ്ങളാണ്. ബെംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും മാത്രമാണ് ഇന്നലെ സർവീസ് ഉണ്ടായിരുന്നത്. ആകെ ഏഴ് സർവീസ് മാത്രം. 

കോഴിക്കോട് വിമാനത്താവളം വഴി പല ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്കും ടിക്കറ്റ് കിട്ടാനില്ല. ബുധനാഴ്ച പെരുന്നാൾ ആയതിനാൽ വ്യാഴാഴ്ച മുതൽ വൻനിരക്ക് നൽകിയാലേ ടിക്കറ്റ് കിട്ടൂ. കോഴിക്കോട്ടുനിന്നു ജിദ്ദയിലേക്ക് 27നേ ടിക്കറ്റുള്ളൂ. 55,000 രൂപയാണു നിരക്ക്. വെബ്സൈറ്റുകളിൽ കയറുമ്പോൾ ആദ്യം കുറഞ്ഞ തുകയാണ് കാണിക്കുക. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ നടപടി തുടങ്ങുമ്പോഴാണ് ഉയർന്ന നിരക്കു കാട്ടുക.

∙ മുംബൈയിലേക്ക് വ്യാഴാഴ്ച സീറ്റില്ല. ബെംഗളൂരു വഴി മുംബൈയിലേക്കു വ്യാഴാഴ്ച 14,000 രൂപ. 

∙ കോഴിക്കോട് – റിയാദ് വിമാനങ്ങളിൽ വ്യാഴാഴ്ച സീറ്റില്ല. 24ന് 32,300 രൂപയാണ് എയർ ഇന്ത്യാ എക്‌സ്‌പ്രസ് നിരക്ക്. നേരത്തേ ശരാശരി 13,000 രൂപയായിരുന്നു.

∙ ദമാമിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ്, ജെറ്റ് വിമാനങ്ങളിൽ വ്യാഴാഴ്ച ടിക്കറ്റ് ഇല്ല. ജിദ്ദ, റിയാദ് ടിക്കറ്റ് ലഭിക്കാത്തവർ ദമാം വഴിയാണ് പോകാറ്. കോഴിക്കോട് –ദമാം 25ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്ക് 42,000 രൂപ.

∙ കുവൈത്തിലേക്ക് ഒരാഴ്‌ചയ്‌ക്കു സീറ്റില്ല. ഗൾഫ് എയറിൽ സെപ്‌റ്റംബർ ഒന്നിന് 50,000 രൂപയാണ് നിരക്ക്. രണ്ടുമുതൽ എയർ ഇന്ത്യ എക്‌സ്‌പ്രസിൽ കോഴിക്കോട്ടുനിന്നു ബഹ്‌റൈൻ വഴി കുവൈത്തിലേക്കു ടിക്കറ്റുണ്ട്. 39,000 രൂപ നൽകണം.

∙ ദുബായിലേക്ക് കോഴിക്കോട്ടുനിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിൽ നാളെ 43,000 രൂപയും ഷാർജയിലേക്ക് ഇൻഡിഗോ വിമാനത്തിൽ 33,400 രൂപയും അബുദാബിയിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ 37,202 രൂപയും നൽകണം. 7000 മുതൽ 10,000 രൂപയ്ക്കു വരെ ടിക്കറ്റ് ലഭിച്ചിരുന്ന സെക്‌ടറുകളാണിത്.

∙ എയർ ഇന്ത്യ എക്‌സ്‌പ്രസിൽ വ്യാഴാഴ്ച മസ്‌കത്തിലേക്ക് 31,000 രൂപയും ബഹ്‌റൈനിലേക്ക് 29,000 രൂപയുമാണ്. 13,000 രൂപയാണ് നേരത്തേ ഈടാക്കിയിരുന്നത്.

കൂടിയ നിരക്കുകൾ

പ്രധാന നഗരങ്ങളിൽ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും ചൊവ്വാഴ്ച മുതൽ 26 വരെയുള്ള കൂടിയ നിരക്കുകൾ: 

∙ ദുബായ്–തിരുവനന്തപുരം: 22,000 ∙ തിരുവനന്തപുരം–ദുബായ്: 57,000 ∙ ഡൽഹി–തിരുവനന്തപുരം: 7500 ∙ തിരുവനന്തപുരം–ഡൽഹി: 10,500 ∙ ബെംഗളൂരു–തിരുവനന്തപുരം: 10,400 

∙ തിരുവനന്തപുരം–ബെംഗളൂരു: 6083 ∙ ചെന്നൈ–തിരുവനന്തപുരം: 17,900 ∙ തിരുവനന്തപുരം–ചെന്നൈ: 6500

വിമാന സർവീസുകളുടെ സമയക്രമം– ഓഗസ്റ്റ് 22

കൊച്ചി∙ നാവികസേനാ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസുകളുടെ സമയക്രമം:

എയർ ഇന്ത്യ

∙ ബെംഗളൂരു– കൊച്ചി (രാവിലെ 7.30, 11.40)

∙ കൊച്ചി– ബെംഗളൂരു (9.40, 1.50) 

∙ ചെന്നൈ– തിരുച്ചി (9.20), തിരുച്ചി– കൊച്ചി (10.45) 

∙ കൊച്ചി– ചെന്നൈ (12.45)

∙ ഹൈദരാബാദ്– കൊച്ചി (രാവിലെ 5.35).

∙ കൊച്ചി– ഹൈദരാബാദ് (8.45)

∙ ബെംഗളൂരു– കോയമ്പത്തൂർ (2.10).

∙ കോയമ്പത്തൂർ– കൊച്ചി (3.40) 

∙ കൊച്ചി– കോയമ്പത്തൂർ (വൈകിട്ട് 5.15)

∙ കോയമ്പത്തൂർ– കൊച്ചി (6.30) 

ഇൻഡിഗോ

∙ ബെംഗളൂരു–കൊച്ചി (പുലർച്ചെ അഞ്ച്, 09.35)

∙ കൊച്ചി– ബെംഗളൂരു (7.20)

∙ കൊച്ചി–ചെന്നൈ (ഉച്ചയ്ക്ക് 12.15, 4.15) 

∙ ചെന്നൈ– കൊച്ചി (1.55)