ഓഖിയിലും കനിവില്ലാതെ കേന്ദ്രം; ചോദിച്ചത് 7340 കോടി, തന്നത് 169 കോടി

ഓഖി ദുരിതത്തിൽ മരിച്ചവർക്കായി മെഴുകുതിരികൾ കത്തിച്ചപ്പോൾ. (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പ്രളയക്കെടുതി നേരിടാൻ കേരളം പ്രത്യേകസഹായം അഭ്യർഥിക്കുമ്പോഴും ഒൻപതുമാസം മുൻപു നടന്ന ഓഖി ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസ പദ്ധതിക്കു നേരെ മുഖം തിരിച്ചു കേന്ദ്രസർക്കാർ. 7340 കോടി രൂപയുടെ പുനരധിവാസ പദ്ധതിയാണു കേരളം സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. ഓഖി ദുരന്തത്തിനു കേന്ദ്രസഹായമായി ആകെ അനുവദിച്ചതു 169 കോടി രൂപയാണ്. 

ഓഖി ദുരന്തബാധിത മേഖലകൾ സന്ദർശിച്ചതിനുശേഷം ആവശ്യമായ സഹായം അനുവദിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു. തീരദേശ പുനരധിവാസം അടക്കം 7340 കോടി രൂപയുടെ സാമ്പത്തിക സഹായം വേണമെന്നും ഇതിൽ നഷ്ടപരിഹാരമായി 422 കോടി രൂപ ഉടൻ അനുവദിക്കണമെന്നുമാണു കേരളം ആവശ്യപ്പെട്ടത്. 

ഇതേസമയം, കഴിഞ്ഞ വർഷം വെള്ളപ്പൊക്കമുണ്ടായ ബിഹാറിലെ ദുരിതാശ്വാസത്തിന് 1712 കോടിയും ഗുജറാത്തിന് 1055 കോടിയും ബംഗാളിന് 839 കോടിയും അനുവദിച്ചു.

കേന്ദ്രസർക്കാർ ഫണ്ട് നൽകുന്ന കാര്യത്തിൽ മൗനം തുടരുന്ന സാഹചര്യത്തിൽ വിദേശ ഏജൻസികളിൽനിന്നു 2000 കോടി രൂപ സമാഹരിച്ചു പുനരധിവാസ പദ്ധതി നടപ്പാക്കാൻ കേരളം ശ്രമം നടത്തിയിരുന്നു. ഇതിനുള്ള പദ്ധതി തയാറാക്കാനായി മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ നേതൃത്വത്തിൽ ഉന്നതതലസമിതിയും രൂപവൽക്കരിച്ചിരുന്നു. 

കേരളം കേന്ദ്രത്തിനു സമർപ്പിച്ച ഓഖി പുനരധിവാസ പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ:   

∙ ഭവനനിർമാണം – 3002 കോടി 

∙ 25,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ – 1454 കോടി 

∙ റോഡ്, പാലം പുനർനിർമാണം – 650 കോടി 

∙ മൽസ്യബന്ധന ബോട്ടുകളുടെ നവീകരണം – 625 കോടി 

∙ വൈദ്യുതീകരണം – 537 കോടി 

∙ തീരദേശസ്കൂളുകളുടെ വികസനം – 306 കോടി 

∙ കടാശ്വാസം – 230 കോടി