നഷ്ടപരിഹാരമായി ഒപ്പിടാത്ത ചെക്കുകൾ; വിശദീകരണവുമായി വിമാനക്കമ്പനി

റയൻ എയർ വിമാനം (ഫയൽ ചിത്രം).

ലണ്ടൻ∙ റദ്ദ് ചെയ്ത വിമാന യാത്രയ്ക്കുള്ള നഷ്ടപരിഹാരമായി യാത്രക്കാർക്ക് ഒപ്പിടാത്ത ചെക്ക് നൽകി വിമാനക്കമ്പനിയുടെ ക്രൂരതയെന്ന് പരാതി. യൂറോപ്പിലെ ബജറ്റ് വിമാനക്കമ്പനിയായ റയൻ എയറാണ് നഷ്ടപരിഹാരമായി ഒപ്പിടാത്ത ചെക്കുകൾ നൽകിയത്. ചെക്കുകൾ മടങ്ങിയതോടെ പലരിൽ നിന്നും ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കി.

ഏപ്രിലിനു ശേഷം ഏതാണ്ട് 10 ലക്ഷം യാത്രക്കാരെ സർവീസിലെ അനിശ്ചിതത്വം സാരമായി ബാധിച്ചെന്നാണു കമ്പനിയുടെതന്നെ കണക്കുകൾ. ഓഗസ്റ്റ് പത്തിന് പൈലറ്റുമാർ ഒരു ദിവസത്തെ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് 400 വിമാനങ്ങൾ റദ്ദ് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

എന്നാൽ, ജൂലൈയിൽ നൽകിയ ചുരുക്കം ചില ചെക്കുകൾ മാത്രമാണ് ഒപ്പിടാതെ നൽകിയിട്ടുള്ളതെന്നും ഇതു ഭരണപരമായ വീഴ്ചയാണെന്നും റയൻഎയർ അധികൃതർ അറിയിച്ചു. കാര്യങ്ങൾ വിശദമാക്കി ഉപയോക്താക്കള്‍ക്ക് പുതിയ ചെക്ക് നല്‍കിയിട്ടുണ്ടെന്നും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു.