Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിൽ സ്വവർഗാനുരാഗികൾ ഭയക്കേണ്ട; ‘കൺവേർഷൻ തെറാപ്പി’ക്കു നിരോധനം

transgender-representational-image Representational Image

ലണ്ടൻ∙ സ്വവർഗാനുരാഗികളെ ‘കൺവേർഷൻ തെറാപ്പി’ക്കു വിധേയമാക്കി സ്വവർഗാനുരാഗത്തിൽ നിന്നു പിന്തിരിപ്പിക്കുന്ന നടപടി ബ്രിട്ടിഷ് സർക്കാർ നിരോധിച്ചു. 10 ലക്ഷത്തിലധികം എൽ‍ജിബിടി വിഭാഗത്തിൽപ്പെട്ടവർ പങ്കെടുത്ത ഓൺലൈൻ അഭിപ്രായ വോട്ടെടുപ്പിനെ തുടർന്നാണു നിരോധനം.

സർവേയിൽ പങ്കെടുത്ത രണ്ടു ശതമാനം പേർ നിർബന്ധിത ‘കൺവേർഷൻ തെറാപ്പി’ വിധേയമായിട്ടുണ്ടെന്നു സമ്മതിച്ചു. സ്വവർഗാനുരാഗികളെ വിവിധ ചികിത്സാ രീതികളിലൂടെയും കൗൺസിലിങിലൂടെയും സ്വവർഗാനുരാഗത്തിൽ നിന്നും പിന്തിരിപ്പിക്കുന്ന രീതിയാണു ‘കൺവേർഷൻ തെറാപ്പി’യിൽ സ്വീകരിക്കുന്നത്. വിവിധ മതസംഘടനകളും, ആരോഗ്യ പ്രവർത്തകരുമാണ് ഇതിനു പിന്നിൽ.

‘കൺവേർഷൻ തെറാപ്പി’കൾ തടയുന്നതിനു നിയമപരമായ എല്ലാം സാധ്യതകളും ഉപയോഗിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. വൈദ്യശാസ്ത്രപരമായോ ആത്മീയമായോ എന്തു സഹായം ലഭിക്കുന്നതിന് ഇതു തടസ്സമല്ലെന്നും അവർ പറഞ്ഞു. ‘‘സമൂഹത്തിലെ എതിർപ്പിനെ ഭയന്നു തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാൻ ആരും ഭയക്കേണ്ടതില്ല. സ്വവർഗാനുരാഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാൻ ഉതകുന്ന സുസ്ഥിര നടപടികളായിരിക്കും സർക്കാർ സ്വീകരിക്കുക’’– തെരേസ മേയ് പറഞ്ഞു. എൽജിബിടി വിഭാഗത്തിലെ മൂന്നിൽ രണ്ടു ശതമാനം ആളുകളും സമൂഹത്തിലെ എതിർപ്പിനെ ഭയന്ന് ഇണയോടൊപ്പം കഴിയാൻ ഭയക്കുന്നവരാണെന്നു സർവേയിൽ തെളിഞ്ഞിരുന്നു.