Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പാപത്തിനു ശിക്ഷ മറ്റെവിടെയോ, ഭൂമിയിൽ ശിക്ഷ കുറ്റത്തിനു മാത്രം’; ബന്ധങ്ങളിൽ പുതുചരിത്രം

transgender-01-10-16-2

ന്യൂഡൽഹി∙ പാപം, സദാചാര വിരുദ്ധത, പ്രകൃതി വിരുദ്ധത തുടങ്ങിവയ്ക്കുള്ള ശിക്ഷയായാണ് 377ാം വകുപ്പിനെ പലരും ന്യായീകരിച്ചത്. എന്നാൽ, സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തറപ്പിച്ചു പറഞ്ഞു: പരിഗണിക്കേണ്ടത് ഭരണഘടനാധിഷ്ഠിത സദാചാരമാണ്. ആ സദാചാരം പൗരൻമാർക്കു നൽകുന്ന സംരക്ഷണങ്ങളാണ്. കാരണം, എൽജിബിടി വ്യക്തികളും തുല്യാവകാശമുള്ള പൗരൻമാരാണ്. 

പാപത്തിന്റെ പ്രശ്നം പാഴ്സി പുരോഹിതൻകൂടിയായ ജസ്റ്റിസ് ആർ.എഫ്.നരിമാന്റെ വിധിന്യായത്തിൽ പരമാർശിക്കുന്നത് ഇങ്ങനെയാണ്: ഭൂമിയിൽ ഭരണകൂടം രൂപീകരിച്ചിട്ടുള്ള കോടതികൾ വഴിയല്ല പാപത്തിനു ശിക്ഷ നൽകേണ്ടത്, മറ്റെവിടെയോ ആണ്; കുറ്റത്തിനു മാത്രമാണ് ഭൂമിയിൽ ശിക്ഷയുള്ളത്. രണ്ടും തമ്മിൽ മാറിപ്പോകുന്നതിലാണ് 377ാം വകുപ്പിന്റെ പിഴവ്. 

അഞ്ചംഗ ബെഞ്ചിന്റേതായ നാലു വിധിന്യായങ്ങളിൽ പലയിടത്തും സദാചാരത്തിന്റെ പ്രശ്നം ചർച്ച ചെയ്യുന്നുണ്ട്. സമൂഹമാണോ സദാചാരം തീരുമാനിക്കേണ്ടത്, ഭൂരിപക്ഷത്തിന്റെ നിലപാടിനെ സദാചാരമെന്നോ കണക്കാക്കാമോ – തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചശേഷം കോടതി പറയുന്നു: ഭരണഘടനാ തത്വങ്ങളുടെ  അടിസ്ഥാനത്തിൽ മാത്രമാണ് തീരുമാനങ്ങളുണ്ടാവേണ്ടത്. 

ഭരണഘടനാധിഷ്ഠിത സദാചാരം

ഭരണഘടനാധിഷ്ഠിത സദാചാരമെന്നത് സുപ്രീം കോടതിയുടെ വ്യാഖ്യാനമല്ല. ഭരണഘടനാ അസംബ്ലിയിലും ഈ ‘സദാചാരം’ ചർച്ചയായിരുന്നു. അത് സ്വാഭാവികമായ വികാരമല്ലെന്നും വളർത്തിയെടുക്കേണ്ടതാണെന്നും ഡോ.ബി.ആർ.അംബദ്കർ അന്നു പറ‍ഞ്ഞിരുന്നു. 

‘പൊതു സദാചാരവും ഭരണഘടനാധിഷ്ഠിത സദാചാരവും വ്യത്യസ്തമാണ്. ഭരണഘടനാധിഷ്ഠിത സദാചാരമാകുമ്പോൾ, ഭരണഘടനയുടെ പാഠത്തിന്റെയും സത്തയുടെയും അടിസ്ഥാനത്തിലാണ് വ്യക്തികളോടും വിഷയങ്ങളോടുമുള്ള മനോഭാവം തീരുമാനിക്കുക. അപ്പോൾ, സമൂഹത്തിന്റെ കാഴ്ചപ്പാടുകളുടേതായ മുൻവിധിയോടെയല്ല വ്യക്തിയുടെ അവകാശങ്ങളെ സമീപിക്കുക’ – ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിന്യായത്തിൽ പറയുന്നു. 

സ്വകാര്യത, കരുത്തോടെ

സ്വകാര്യത മൗലികാവകാശമാണെന്നും അത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം ഒാഗസ്റ്റിൽ ഏകകണ്ഠമായി വിധിച്ചിരുന്നു. സ്വകാര്യത മൗലികാവകാശമെന്ന കോടതിവിധിച്ചപ്പോൾതന്നെ, 377ാം വകുപ്പിന്റെ മരണമണി മുഴങ്ങുന്നുവെന്ന് നിയമവിദഗ്ധർ വിലയിരുത്തിയതാണ്. 

സ്വകാര്യതാ ബെഞ്ചിലുൾപ്പെട്ട ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ഇന്നലത്തെ വിധി പറ‍ഞ്ഞ ബെഞ്ചിലുമുണ്ട് എന്നതും ശ്രദ്ധേയമായി. 

സ്വകാര്യതയെന്നതിൽ എൽജിബിടി വ്യക്തികളുടെ ലൈംഗിക സ്വകാര്യതയും ഉൾപ്പെടുന്നുവെന്നാണ് കോടതി പ്രസ്താവിക്കുന്നത്. ഇതേസമയം, മൗലികാവകാശത്തിന്റെ ഭാഗമെന്നു വ്യാഖ്യാനിക്കുമ്പോഴും ന്യായമായ നിയന്ത്രണം കോടതി പരോക്ഷമായി നിർദേശിക്കുന്നുണ്ട്. അതായത്, രഹസ്യമായ ലൈംഗികബന്ധത്തിനാണു സംരക്ഷണം.