Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വീസയുമായി ബ്രിട്ടൻ; മികച്ച ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും മറ്റും രണ്ടുവർഷം ജോലി ചെയ്യാം

ലണ്ടൻ∙ യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളിലുള്ളവർക്കു രണ്ടുവർഷം ബ്രിട്ടനിൽ ജോലി ചെയ്തു പരിശീലനം നേടുന്നതിനുള്ള പുതിയ വീസ ബ്രിട്ടൻ ഏർപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും മറ്റും ഏറെ പ്രയോജനകരമാണിത്.

യുകെ റിസർച് ആൻഡ് ഇന്നവേഷൻ (യുകെആർഐ) സയൻസ്, റിസർച് ആൻഡ് അക്കാദമിയ സ്കീം എന്ന പേരിലുള്ള ഈ വീസയും യുകെയിൽ ഇപ്പോൾ എത്തുന്നതിനുള്ള ടിയർ 5 (സർക്കാർ അംഗീകൃത താൽക്കാലിക ജോലി) വീസയ്ക്കു ബാധകമായ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി. സ്കോളർഷിപ്പും ഫെലോഷിപ്പും ഉൾപ്പെടെ അറുപതിലേറെ വിഭാഗങ്ങളിലെ വീസ ടിയർ 5ൽ പെടും.

ഗവേഷണരംഗത്തു യുകെയിൽ ഉണ്ടായിട്ടുള്ള കുതിപ്പു മുതലാക്കാൻ ലക്ഷ്യമിട്ടുള്ളതാണു പുതിയ വീസ. യുകെആർഐ നേരിട്ടും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം പോലെ മറ്റു 12 സ്ഥാപനങ്ങൾ മുഖേനയും ഗവേഷണതൽപരരായ മിടുക്കന്മാരെ സ്പോൺസർ ചെയ്യും. ഇതിലൂടെ ബ്രിട്ടനു രാജ്യാന്തരതലത്തിലെ ഏറ്റവും പ്രഗത്ഭരുടെ അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ കഴിയുമെന്നു കുടിയേറ്റകാര്യ മന്ത്രി കാരലിൻ നോക്സ് പറഞ്ഞു.

ബിസിനസ്, എനർജി ആൻഡ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി (ബിഇഐഎസ്) വകുപ്പിനാണു മേൽനോട്ടച്ചുമതല. നേരത്തേ യുകെ സർക്കാർ ഡോക്ടർമാരെയും നഴ്സുമാരെയും ടിയർ 2 വീസയിൽ നിന്ന് ഒഴിവാക്കി കൂടുതൽ പേർക്ക് അവസരം ഒരുക്കിയിരുന്നു. ബ്രിട്ടനിൽ പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യപ്പെടുന്നവർക്കായി ടിയർ 1 വീസയ്ക്കു പകരം സ്റ്റാർട് അപ് വീസ അനുവദിക്കാനും നീക്കമുണ്ട്.