എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തം വീട് തന്റെ സ്വപ്നം: പ്രധാനമന്ത്രി മോദി

ഗുജറാത്തിലെ ജുനഗഡിൽ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രം: എഎൻഐ ട്വിറ്റർ

ജുജ്‌വ (ഗുജറാത്ത്) ∙ 2022-ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായി വീട് എന്നതാണ് തന്റെ സ്വപ്‌നമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിന്റെ ഭവനപദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ആരും കൈക്കൂലി കൊടുക്കേണ്ട കാര്യമില്ലെന്നും തന്റെ സര്‍ക്കാരില്‍ കമ്മിഷന്‍ സംവിധാനത്തിനു സ്ഥാനമില്ലെന്നും മോദി വ്യക്തമാക്കി. കേന്ദ്രത്തില്‍നിന്ന് ഒരു രൂപ നല്‍കിയാല്‍ അതു പൂര്‍ണമായും പാവങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി ആവസ് യോജന പ്രകാരം നിര്‍മിച്ച വീടുകളുടെ ഗൃഹപ്രവേശത്തിനു ശേഷം നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

75ാം സ്വാതന്ത്ര്യ ദിനം രാജ്യം ആഘോഷിക്കുമ്പോൾ വീടില്ലാത്തവരായി ഇവിടെ ഒരു കുടുംബവും ഉണ്ടാകരുത്. കേന്ദ്രത്തില്‍നിന്ന് ഒരു രൂപ നല്‍കിയാല്‍ വെറും 15 പൈസ മാത്രമാണ് പാവങ്ങളിലേക്ക് എത്തുന്നതെന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രസ്താവനയെ പരോക്ഷമായി പരിഹസിച്ചാണ് മോദി ഈ പരാമര്‍ശം നടത്തിയത്.

പദ്ധതി പ്രകാരം ഒരു ലക്ഷത്തിലധികം വീടുകളാണ് ഗുജറാത്തില്‍ നിര്‍മിച്ചത്. കമ്മിഷന്‍ സംവിധാനം ഒഴിവാക്കിയതുകൊണ്ടാണ് ഇത്രയേറെ വീടുകള്‍ നിര്‍മിക്കാന്‍ സാധിച്ചതെന്ന് മോദി പറഞ്ഞു. 2022-ഓടെ എല്ലാവര്‍ക്കും വീട് എന്നതാണു ലക്ഷ്യം. ഗുജറാത്തില്‍നിന്നു പഠിച്ച പാഠങ്ങള്‍ രാജ്യമെമ്പാടും നടപ്പാക്കും. കേന്ദ്രം പണം നല്‍കിയെങ്കിലും അതത് കുടുംബങ്ങളുടെ താല്‍പര്യപ്രകാരമാണു വീടുകള്‍ നിര്‍മിച്ചത്. കരാറുകാരെക്കാള്‍ കുടുംബങ്ങളെയാണു വിശ്വസിച്ചത്. കുടുംബങ്ങള്‍ തങ്ങള്‍ക്കായി വീടു നിര്‍മിക്കുമ്പോള്‍ അത് ഏറ്റവും മികച്ചതാവുമെന്നും മോദി പറഞ്ഞു.