വെള്ളമിറങ്ങാതെ കുട്ടനാട്; ‘തായ്‍ലൻഡ് മോഡൽ’ പമ്പുമായി കിർലോസ്കർ

വെള്ളത്തിൽ മുങ്ങിയ കുട്ടനാട്.

പത്തനംതിട്ട ∙ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വെള്ളം പമ്പ് ചെയ്തു മാറ്റാൻ പുണെയിലെ കിർലോസ്കർ കമ്പനിയുടെ അൻപതോളം ഹെവി ഡ്യൂട്ടി പമ്പുകൾ. മന്ത്രി തോമസ് ഐസക് ഇതു സംബന്ധിച്ച് ട്വിറ്ററിൽ കുറിച്ച അഭ്യർഥന കണ്ട് മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജനാണു നടപടി സ്വീകരിച്ചത്.

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീം അംഗങ്ങളായ കുട്ടികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി വെള്ളം വൻതോതിൽ പമ്പു ചെയ്യാൻ  ഉപയോഗിച്ചത് കിർലോസ്കർ പമ്പായിരുന്നു. ഈ ആശയമാണ് തോമസ് ഐസക് ശനിയാഴ്ച ട്വിറ്ററിൽ പങ്കുവച്ചത്. വൈകാതെ തന്നെ മഹാരാഷ്ട്ര മന്ത്രി ഇതിനോടു പ്രതികരിച്ചു. കഴിഞ്ഞയാഴ്ച മുംബൈയിലെ സർക്കാർ വക ജെജെ ആശുപത്രി, പുണെ സസോൺ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് നൂറംഗ വൈദ്യസംഘവുമായി രക്ഷാപ്രവർത്തനത്തിന് വ്യോമസേനാ വിമാനത്തിൽ മന്ത്രി മഹാജൻ കേരളത്തിലെത്തിയിരുന്നു.