മലയാളിയായതിൽ അഭിമാനിക്കുന്നു: അർണബിനെതിരെ ശശി തരൂർ

ശശി തരൂർ, അർണബ് ഗോസ്വാമി.

ന്യൂഡൽഹി ∙ റിപ്പബ്ലിക് ടിവി എ‍ഡിറ്റർ ഇൻ ചീഫ് അർ‌ണബ് ഗോസ്വാമിക്കെതിരായ ‘വിമര്‍ശന പ്രളയത്തിൽ’ പങ്ക് ചേർന്ന് ശശി തരൂര്‍ എംപിയും. മലയാളികളെ ‘നാണമില്ലാത്തവർ’ എന്നു വിളിച്ച അർണബിനെതിരെയാണു തരൂരിന്റെ ട്വീറ്റ്. ‘ചില വിലകുറഞ്ഞ മനസ്സുകള്‍ മലയാളികള്‍ക്കെതിരെ അപമാനകരമായ ആക്രമണങ്ങള്‍ നടത്തുകയാണ്. നമുക്കുവേണ്ടി നമ്മളൊന്നായി നില കൊള്ളേണ്ട സമയമാണിത്. നമ്മള്‍ എന്തുകൊണ്ട് അഭിമാനമുള്ള മലയാളികളായെന്നു ചിന്തിക്കേണ്ട സമയം’ - തരൂര്‍ കുറിച്ചു.

സാംസ്കാരിക രംഗത്തു മലയാളിയുടെ അഭിമാന നേട്ടങ്ങൾ തരൂർ എണ്ണിപ്പറയുന്നു. ദുരിതമുഖത്ത് മലയാളി കാണിച്ച പ്രതിബദ്ധതയിൽ അഭിമാനിക്കുന്നു. പുതിയ ആശയങ്ങളെയും വിശ്വാസങ്ങളെയും രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരാണു മലയാളികൾ. മതസൗഹാർദത്തിന്റെ ചരിത്രമാണു കേരളത്തിലേത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിലും ശ്രീനാരായണഗുരു, മഹാത്മ അയ്യങ്കാളി, ചട്ടമ്പി സ്വാമി തുടങ്ങിയ സാംസ്കാരിക നായകരിലും അഭിമാനിക്കുന്നുവെന്നും തരൂർ പറയുന്നു. ‘പ്രൗഡ് ടു ബി എ മലയാളി’ എന്ന ഹാഷ്ടാഗോടെയാണ് തരൂർ തന്റെ പ്രതിഷേധം അറിയിച്ചത്.

അർണബിനെതിരെ ശശി തരൂർ നടത്തിയ പഴയ 'ഫരാഗോ' ട്വീറ്റും ഇപ്പോൾ മലയാളികൾ പ്രചരിപ്പിക്കുന്നുണ്ട്. ചാനൽ ചർച്ചയ്ക്കിടെ കേരളത്തെ അധിക്ഷേപിച്ചു സംസാരിച്ചെന്ന് ആരോപിച്ചാണ് അർ‌ണബിനെതിരെ രൂക്ഷ വിമർശനം നടക്കുന്നത്. ചാനലിന്റെയും അർണബിന്റെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രതിഷേധവും പരിഹാസവുമായി കളം നിറയുകയാണ് മലയാളികൾ.