നെഹ്റുവിന്റെ പങ്ക് തുടച്ചുനീക്കരുത്; അദ്ദേഹം രാജ്യത്തിന്റെ പ്രതീകം: മോദിക്കു മന്‍മോഹന്റെ കത്ത്

നരേന്ദ്ര മോദിയും മൻമോഹൻ സിങ്ങും

ന്യൂഡല്‍ഹി∙ തീന്‍മൂര്‍ത്തി ഭവന്‍ സമുച്ചയത്തിലെ നെഹ്‌റു സ്മാരക മ്യൂസിയത്തിനും ഗ്രന്ഥശാലയ്ക്കും മാറ്റമൊന്നും വരുത്തരുതെന്ന് ആവശ്യപ്പെട്ടു മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മേഹാന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. തീന്‍മൂര്‍ത്തി ഭവന്‍ സമുച്ചയത്തില്‍ എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മരണാര്‍ഥം മ്യൂസിയം ഒരുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമായ സാഹചര്യത്തിലാണു മന്‍മോഹന്‍ സിങ് മോദിക്കു കത്തയച്ചത്.

ചരിത്രത്തോടും പൈതൃകത്തോടും ബഹുമാനം പാലിക്കണം. ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസ് പാര്‍ട്ടിയുടേതു മാത്രമല്ല രാജ്യത്തിന്റെയാകെ പ്രതീകമാണെന്നും മന്‍മോഹന്‍ സിങ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നെഹ്റുവിന്റെ പങ്ക് തുടച്ചുനീക്കരുത്. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നെഹ്‌റു മ്യൂസിയത്തില്‍ യാതൊരു മാറ്റവും വരുത്താന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അതിനുള്ള നീക്കം നടത്തുന്നതു ഖേദകരമാണ്. നെഹ്‌റു അന്തരിച്ചപ്പോള്‍ വാജ്‌പേയി പാര്‍ലമെന്റില്‍ അദ്ദേഹത്തെ പുകഴ്ത്തി നടത്തിയ പ്രസംഗവും മന്‍മോഹന്‍ സിങ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഭാരതത്തിലും ലോകത്താകെയും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു കടന്നുപോയ നവഭാരത ശില്‍പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണകള്‍ക്കായി സമര്‍പ്പിച്ചതാണു നെഹ്‌റു മ്യൂസിയം. രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തിന്റെ മഹത്വം അംഗീകരിച്ചിട്ടുള്ളതാണ്. ഒരു തരത്തിലുള്ള പുനര്‍നിര്‍മാണങ്ങള്‍ക്കും ആ മഹത്വം മായ്ച്ചുകളയാനാവില്ല. വികാരങ്ങളെ മാനിക്കണമെന്നും നെഹ്‌റു മ്യൂസിയം അതേപടി നിലനിര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.