റോഡും പാലവും ശരിയാക്കാൻ വേണ്ടത് ഒന്നര വർഷം, 5815 കോടി

തിരുവനന്തപുരം∙ സംസ്ഥാനത്തു പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും പൂർണമായി നന്നാക്കിയെടുക്കാൻ ഒന്നര വർഷം വേണ്ടിവരുമെന്നു മരാമത്തു വകുപ്പിന്റെ വിലയിരുത്തൽ. റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണത്തിന് 5815.25 കോടി രൂപ വേണം. 

അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികൾക്കായി 1000 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള റോഡ് വികസനപദ്ധതികളെ ബാധിക്കാതെ 5000 കോടിയിലേറെ ഇനിയും കണ്ടെത്തുകയെന്നതാണു വെല്ലുവിളി. 

പ്രളയത്തിൽ ഏറ്റവുമധികം സാമ്പത്തിക നഷ്ടമുണ്ടായതു മരാമത്തു വകുപ്പിനാണ്. ചെറിയ റോഡുകൾ മുതൽ സംസ്ഥാന പാതകൾ വരെയുള്ളവയുടെ പുനർനിർമാണത്തിനു 4978.08 കോടി രൂപ വേണം. ദേശീയപാതകൾ നന്നാക്കിയെടുക്കാൻ 533.78 കോടി രൂപ. തകർന്ന പാലങ്ങൾ നന്നാക്കാൻ 293.3 കോടിയും സർക്കാർ കെട്ടിടങ്ങൾക്കു 10.09 കോടിയും വേണം. 

മൊത്തം 34,732 കിലോമീറ്റർ റോഡ് ആണു തകർന്നത്. 218 പാലങ്ങൾക്കു കേടുപാടുകളുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലകളിലാണു കൂടുതൽ നാശം. പ്രളയത്തെത്തുടർന്നു റോഡുകളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കാൻ മാത്രം അഞ്ചുകോടിയോളം രൂപ മരാമത്തു വകുപ്പ് ഇതുവരെ ചെലവഴിച്ചു. ഉരുൾപൊട്ടലിൽ 25 ഇടങ്ങളിൽ റോഡ് തകർന്നു. ഇവിടെ പാറയും ചെളിയും നീക്കാൻ 18 കോടി രൂപ വേണ്ടിവന്നു. 

5774 കിലോമീറ്റർ റോഡിലെ കുഴികൾ നികത്താൻ മാത്രം 368 കോടി രൂപ വേണം. വെള്ളക്കെട്ടു മൂലം ഭാവിയിൽ റോഡുകൾ തകരാതിരിക്കാൻ 196 കോടി രൂപ ചെലവിൽ അഴുക്കുചാലുകൾ നിർമിക്കും. 

മഴ മുന്നറിയിപ്പ് പിൻവലിച്ചു

തിരുവനന്തപുരം∙ ശക്തമായ മഴ പെയ്യുമെന്നു ചൂണ്ടിക്കാട്ടി ശനിയാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പിൻവലിച്ചു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പുകളും പിൻ‌വലിച്ചതായി അധികൃതർ അറിയിച്ചു.