പ്രളയദുരിതം നേരിട്ടറിയാൻ യുഎഇ സ്ഥാനപതി; സന്ദർശനം ഈ ആഴ്ച

കേരളത്തിലെ പ്രളയം (ഫയൽ ചിത്രം)

ന്യൂഡൽഹി∙ പ്രളയ ദുരിതാശ്വാസത്തിന് യുഎഇ നൽകുന്ന സഹായധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഇന്ത്യയിലെ സ്ഥാനപതി അഹമ്മദ് അൽ ബന്ന കേരളം സന്ദർശിക്കും. ഈ ആഴ്ചതന്നെ സന്ദർശനമുണ്ടായേക്കുമെന്നാണു റിപ്പോർട്ടുകൾ. ദുരിതബാധിതരോടും മേഖലകളിൽ സന്നദ്ധപ്രവർത്തനം നടത്തിയ വിവിധ സംഘടനകളോടും ബന്ന സംസാരിക്കും. കേരളത്തിന് യുഎഇ 700 കോടി രൂപ സഹായധനം നൽകുമെന്നും ഇല്ലെന്നുമുള്ള ചൂടേറിയ വാദപ്രതിവാദങ്ങൾക്കിടെയാണു സ്ഥാനപതിയുടെ സന്ദർശന വിവരം പുറത്തുവരുന്നത്. 

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 700 കോടി രൂപയുടെ സഹായ വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പിന്നാലെ സ്വന്തമായി പുനരധിവാസം നടത്താൻ ശേഷിയുണ്ടെന്നും സഹായമനസ്കതയ്ക്കു നന്ദിയുണ്ടെന്നും അറിയിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തി. സഹായധനത്തെച്ചൊല്ലി കേരളം നുണ പറയുകയാണെന്നും പ്രചാരണമുണ്ടായി. ഇതിനു പിന്നാലെ, സഹായധനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന നിലപാടുമായി സ്ഥാനപതി ബന്ന തന്നെ രംഗത്തുവന്നു.