ഉത്തരവ് പാലിക്കാത്തത് ദുരന്തം തീവ്രമാക്കി; വയനാട്ടിൽ‌ കെട്ടിടങ്ങൾക്ക് കർശന നിയന്ത്രണം

വയനാട്ടിൽ പ്രളയത്തിൽ തകർന്ന പ്രദേശങ്ങൾ.

കൽപറ്റ∙ വയനാട്ടില്‍ കെട്ടിടനിർമാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. 2015ല്‍ ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് അട്ടിമറിക്കപ്പെട്ടത് പ്രളയ ദുരന്തത്തിന്റെ തീവ്രത കൂട്ടിയെന്നു വിലയിരുത്തിയാണു നടപടി‍. ഉത്തരവിന്റെ പരിധിയില്‍പ്പെട്ട പരിസ്ഥിതിലോല പ്രദേശങ്ങളില്‍ മണ്ണിടിച്ചിലില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. ഇനിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമാക്കാന്‍ ഭൂവിനിയോഗ രൂപരേഖ അടക്കമുള്ള നടപടികളെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ജില്ലയുടെ താൽക്കാലിക ചുമതലയേറ്റെടുത്ത കേശവേന്ദ്ര കുമാര്‍.  

വയനാട് ജില്ലയുടെ പാരിസ്ഥിതിക ദുര്‍ബലാവസ്ഥ പരിഗണിച്ചാണ് അന്നത്തെ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ 2015 ജൂണ്‍ 30ന് ഉത്തരവിറക്കിയത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലെ നിര്‍ദേശങ്ങളും കണക്കിലെടുത്തു. വൈത്തിരി പഞ്ചായത്തിലെ കുന്നത്തിടവക വില്ലേജില്‍ പരമാവധി എട്ടുമീറ്റര്‍ ഉയരമുള്ള രണ്ടുനില കെട്ടിടമേ പാടുള്ളു എന്നതായിരുന്നു പ്രധാന വ്യവസ്ഥ. നഗരസഭാ പ്രദേശത്ത് പരമാവധി 15 മീറ്റര്‍ ഉയരത്തില്‍ അഞ്ചുനില കെട്ടിടവും മറ്റ് പ്രദേശങ്ങളില്‍ 10 മീറ്റര്‍ ഉയരമുള്ള മൂന്നുനില കെട്ടിടവുമേ നിര്‍മിക്കാവൂ. മാസങ്ങള്‍ക്കുള്ളില്‍ കലക്ടറുടെ ഉത്തരവ് ദുര്‍ബലപ്പെടുത്താനുള്ള ചില നീക്കങ്ങൾ യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. കെട്ടിട ഉടമകള്‍ കോടതിയില്‍പ്പോയി വാങ്ങിയ സ്റ്റേയ്ക്കെതിരെ പഞ്ചായത്തും പരിസ്ഥിതി സംഘടനകളും ഉചിതമായ നിയമപോരാട്ടം നടത്തിയതുമില്ല.

ഈ പേമാരിയില്‍ ഏറ്റവും കൂടുതല്‍ റവന്യൂ നഷ്ടങ്ങളുണ്ടായതു വൈത്തിരി താലൂക്കിലാണ്. കുന്നത്തിടവക വില്ലേജില്‍പെട്ട അറമല, ആനമല എന്നിവിടങ്ങളില്‍ വ്യാപകമായി മണ്ണിടിഞ്ഞു. സമീപപ്രദേശമായ സുഗന്ധഗിരിയില്‍ 20 ഇടത്ത് ഉരുള്‍പൊട്ടി. പൊഴുതനയിലെ അമ്മാറയിലും ഏക്കര്‍ കണക്കിനു ഭൂമി ഒലിച്ചുപോയി. പ്രളയകാലത്ത് ജില്ലയുടെ താല്‍ക്കലിക ചുമതലയുമായി തിരിച്ചെത്തിയിരിക്കുകയാണു കേശവേന്ദ്ര കുമാര്‍. കെട്ടിടങ്ങള്‍ സുരക്ഷിതമാക്കാന്‍ ഭൂവിനിയോഗ രൂപരേഖ തയാറാക്കുമെന്നതാണു സുപ്രധാനമായ തീരുമാനം. ഇതിനായി വിദഗ്ധ സമിതിയുണ്ടാക്കും. വൈത്തിരിയില്‍ കെട്ടിടം താഴ്ന്ന പ്രദേശങ്ങളി‍ല്‍ സമിതി പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.