ബിജെപിയോടു മമത കാട്ടുമോ?: തൃണമൂൽ നയം വ്യക്തമാക്കണമെന്നു കോൺഗ്രസ്

നരേന്ദ്ര മോദിയും മമതാ ബാനർജിയും (ഫയൽ ചിത്രം)

കൊല്‍ക്കത്ത∙ 2019ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം ബിജെപിക്കു പിന്തുണ നൽകുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ തൃണമൂൽ കോൺഗ്രസ് തയാറാകണമെന്നു ബംഗാൾ കോൺഗ്രസ് കമ്മിറ്റി. ബിജെപി നേതാക്കളുടെ കാര്യത്തിൽ തൃണമൂൽ കോൺഗ്രസ് വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നതിനാൽ, ഭാവിയിലെ ബിജെപി ബന്ധത്തെക്കുറിച്ചു കൃത്യമായ ഒരു നിലപാടു വ്യക്തമാക്കാൻ മമത ബാനർജി തയാറാകണമെന്നും ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ ചൗധരി ആവശ്യപ്പെട്ടു. വിദ്യാർഥി വിഭാഗമായ ഛത്രപരിഷത്തിന്‍റെ സ്ഥാപകദിന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുഷമ സ്വരാജും മമതാ ബാനർജിയും (ഫയൽ ചിത്രം)

‘കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിൽ ബിജെപിയെയും സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിനെയും അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണം. തൃണമൂൽ കോൺഗ്രസ് ബിജെപിക്കെതിരായ നിലപാടു സ്വീകരിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയെ പിന്തുണയ്ക്കുമോ എന്നു വ്യക്തമാക്കിയിട്ടില്ല. തൃണമൂലിനെ സംബന്ധിച്ചിടത്തോളം അഡ്വാനി നല്ല വ്യക്തിയും മോദി മോശക്കാരനുമാണ്, രാജ്നാഥ് സിങ്ങും സുഷമ സ്വരാജും നല്ലവരും അമിത് ഷാ മോശക്കാരനുമാണ്. ഇത്തരം താരതമ്യങ്ങളിൽ കോൺഗ്രസ് വിശ്വസിക്കുന്നില്ല. രാഷ്ട്രത്തിന്‍റെ അടിസ്ഥാന ശിലകള്‍ക്കും മതേതരത്വത്തിനും വിരുദ്ധമായ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയാണ് ബിജെപിയെന്നും ഇതിൽ നേതാക്കളെ വേർതിരിച്ചു കാണേണ്ടതില്ലെന്നുമാണു കോൺഗ്രസ് നിലപാട്. തിരഞ്ഞെടുപ്പിനുശേഷം മോദിക്കു പകരം രാജ്നാഥ് സിങ്ങിനെയോ സുഷമ സ്വരാജിനെയോ പ്രധാനമന്ത്രിയാക്കാൻ ബിജെപി തീരുമാനിച്ചാൽ പിന്തുണയ്ക്കുമോയെന്നു മമത ബാനർജി വ്യക്തമാക്കണം’ – ചൗധരി പറഞ്ഞു.

സംസ്ഥാനത്തു പാർട്ടി ശക്തപ്പെടുത്തുന്നതിലാണു പ്രധാന ശ്രദ്ധയെന്നും തൃണമൂൽ ആക്രമണങ്ങളിൽ പരുക്കേറ്റവർക്കു പാർട്ടിയുടെയും ഹൈക്കമാൻഡിന്‍റെയും പൂർണ പിന്തുണയുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.