പ്രളയ ദുരിതാശ്വാസം: കേരളത്തിന് പരമാവധി സഹായം നൽകുമെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി ∙ പ്രളയ ദുരിതാശ്വാസമായി കേരളത്തിനു പരമാവധി സഹായം നൽകുമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. രണ്ടാഴ്ചയ്ക്കകം കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം കേരളത്തിൽ നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പ് നൽകി. കേരളത്തിനു കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് യുഡിഎഫ്, എൽഡിഎഫ് എംപിമാർ രാജ്നാഥിനെ കണ്ടത്

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനുശേഷം കൂടുതല്‍ സഹായം ലഭിക്കുമെന്നു പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത് 730 കോടി രൂപയാണ്. ഇതിനു പുറമേയാണു ചെക്കുകളും ആഭരണങ്ങളും മറ്റു സഹായവാഗ്ദാനങ്ങളും. വിദേശസഹായം നിയമപരമായ മാര്‍ഗങ്ങളിലൂടെ സ്വീകരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പ്രളയത്തില്‍ മരിച്ചവര്‍ക്ക് ആദരാ‍ഞ്ജലി അര്‍പ്പിച്ചായിരുന്നു പ്രത്യേക നിയമസഭാസമ്മേളനത്തിനു തുടക്കമായത്. പ്രളയത്തെ അതിജീവിക്കാന്‍ സഹായിച്ചവര്‍ക്ക് സ്പീക്കര്‍ നന്ദി അറിയിച്ചു. പ്രളയത്തിന്റെ പാഠമുള്‍ക്കൊള്ളുന്ന പുനര്‍നിര്‍മാണപ്രക്രിയ വേണമെന്നു സ്പീക്കർ പറഞ്ഞു.