ഡോക്ടർമാർ, മനഃശാസ്ത്ര വിദഗ്ധൻ; കേന്ദ്ര മെഡിക്കൽ സംഘം ഇന്നെത്തും

ന്യൂഡൽഹി∙ കേരളം ആവശ്യപ്പെട്ടതു പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് വിദഗ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘത്തെ സംസ്ഥാനത്തേക്ക് അയയ്ക്കും. കൂടാതെ 58 ഇനം അവശ്യ മരുന്നുകളും അയയ്ക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഢ അറിയിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി സംസാരിച്ചുവെന്നും ആവശ്യമുള്ള എല്ലാ സഹായവും എത്തിക്കാമെന്ന് ഉറപ്പു നൽകിയെന്നും മന്ത്രി വ്യക്തമാക്കി. 

മുപ്പതു വിദഗ്ധ ഡോക്ടർമാർ, 20 ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാർ, മലയാളികളായ 40 നഴ്സുമാർ എന്നിവരുടെ സംഘമാണ് ഇന്ന് കേരളത്തിലെത്തുക. ഇതിനു പുറമേ 12 പൊതുജനാരോഗ്യ സംഘങ്ങളെയും അയയ്ക്കുന്നുണ്ട്. ഇതിൽ ഓരോ സംഘത്തിലും ഒരു പൊതുജനാരോഗ്യ വിദഗ്ധൻ, ഒരു മൈക്രോ ബയോളജിസ്റ്റ്, ഒരു എന്റമോളജിസ്റ്റ് എന്നിവരുണ്ട്. ഇതിനു പുറമേ ബെംഗളൂരുവിലെ നിംഹാൻസിൽനിന്ന് 40 അംഗ സൈക്കോ–സോഷ്യൽ വിദഗ്ധരെയും അയച്ചിട്ടുണ്ട്. 14 ജില്ലകളിലും മനഃശാസ്ത്ര വിദഗ്ധരെ നിയോഗിക്കും. 

കേരളം ആവശ്യപ്പെട്ടതനുസരിച്ചാണ് 58 ഇനം ഒൗഷധങ്ങൾ അയച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 120 ടൺ മരുന്നുകളാണ് അയച്ചത്. 40 അൾട്രാ ലോ വോള്യം ഫ്ലോഗിങ് യന്ത്രങ്ങളും അയച്ചിട്ടുണ്ട്. സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള മരുന്നുകളും അയച്ചിട്ടുണ്ട്.