പമ്പ മണിയാർ അണക്കെട്ടിന് തകരാർ; രണ്ടാം ഷട്ടറിനു താഴെ കോൺക്രീറ്റ് അടർന്നു

മണിയാർ ഡാമിന്റെ വലതുകരയോടു ചേർന്ന് തുറക്കാനാകാത്ത രണ്ടാം നമ്പർ ഷട്ടറിന്റെ അടിഭാഗം തകർന്ന നിലയിൽ. ചിത്രം: നിഖിൽ രാജ്

റാന്നി∙ പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാർ‌ അണക്കെട്ടിന് വെള്ളപ്പൊക്കത്തിൽ തകരാർ. അണക്കെട്ട് ഈ തുലാവർഷത്തെ അതിജീവിക്കുമോ എന്നാണ് ആശങ്ക. കഴിഞ്ഞ 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു. നാലു ഷട്ടറുകൾ തുറന്നുവിട്ടാണ് ജലനിരപ്പ് കുറച്ചത്.

1. മണിയാർ ഡാം തുറന്ന് വിട്ടതിനെ തുടർന്ന് സംരക്ഷണഭിത്തി തകർന്ന് കര ഇടിഞ്ഞ് താഴ്ന്ന് മണ്ണ് ഒലിച്ച് വൻ ഗർത്തം രൂപപ്പെട്ട നിലയിൽ. 2. മണിയാർ ഡാമിന്റെ സംരക്ഷണഭിത്തിയോട് ചേർന്ന് കര ഇടിഞ്ഞ് താഴ്ന്ന് ഡാമിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകുന്നു. ചിത്രങ്ങള്‍: നിഖിൽ രാജ്

വലതുകരയോടു ചേർന്ന ഭാഗത്തെ രണ്ടാം നമ്പർ ഷട്ടർ തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഷട്ടറിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്ത് അണക്കെട്ടിനു നാശം നേരിട്ടു. കോൺക്രീറ്റ് അടർന്നുപോയിട്ടുണ്ട്. വലതുകരയിലെ ഒന്നാം നമ്പർ ഷട്ടറിന്റെ താഴ്ഭാഗത്തും ഇത്തരത്തിൽ കോൺക്രീറ്റ് അടർന്നിട്ടുണ്ട്. വീണ്ടും വെള്ളം കുത്തിയൊലിച്ചാൽ ശേഷിക്കുന്ന ഭാഗവും തകരും.

ഡാം നിറഞ്ഞ് ഇപ്പോഴും വെള്ളമുണ്ട്. നാലു ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കുവിടുന്നുണ്ടെങ്കിലും സുരക്ഷിതമല്ല. ഡാമിന് തകർച്ച നേരിട്ടാൽ മണിയാർ മുതൽ പൂവത്തുംമൂട് വരെ കക്കാട്ടാറിന്റെയും പൂവത്തുംമൂട്–ചെങ്ങന്നൂർ വരെ പമ്പാനദിയുടെ തീരപ്രദേശങ്ങളെയും ബാധിക്കും. കക്കാട്ടാറ്റിലെ അണക്കെട്ടാണിത്.

മണിയാർ കക്കാട്ടാറിനോട് ചേർന്ന് വല്യയത്ത് ഭദ്രന്റെ വീട് തകർന്ന് നിലംപൊത്താറായ നിലയിൽ. ചിത്രം: നിഖിൽ രാജ്

ശബരിഗിരി, കക്കാട് പദ്ധതികളിലും കാരിക്കയം, അള്ളുങ്കൽ എന്നീ സ്വകാര്യ പദ്ധതികളിലും വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് മണിയാറിൽ സംഭരിക്കുന്നത്. 31.5 മീറ്ററാണ് ഡാമിന്റെ ജലസംഭരണ ശേഷി. രണ്ടു കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണ് ഡാമിന്റെ വൃഷ്ടി പ്രദേശം. 1995 മുതൽ വൈദ്യുതോൽപാദനവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് മണിയാറിലേത്.

മണിയാർ ഡാം തുറന്ന് വിട്ടതിനെ തുടർന്ന് ഡാമിനു താഴെയുള്ള കടകൾ തകർന്ന നിലയിൽ. ചിത്രം: നിഖിൽ രാജ്
മണിയാർ ഡാമിന്റെ വലതുകരയോടു ചേർന്ന് തുറക്കാനാകാത്ത രണ്ടാം നമ്പർ ഷട്ടറിന്റെ അടിഭാഗം തകർന്ന നിലയിൽ. ചിത്രം: നിഖിൽ രാജ്