മുംബൈയിൽ വീണ്ടും മോണോയാത്ര; ഓടിയത് ഒൻപതു മാസത്തിനു ശേഷം

സർവീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി മോണോ റെയിൽ കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം നടത്തിയപ്പോൾ.

മുംബൈ ∙ ഒൻപതു മാസത്തെ ഇടവേളയ്ക്കു ശേഷം മുംബൈയിൽ മോണോറെയിൽ ഇന്നു വീണ്ടും ഓടിത്തുടങ്ങി. ചെമ്പൂർ- വഡാല റൂട്ടിൽ സർവീസ് നടത്തി വന്ന രാജ്യത്തെ ആദ്യ മോണോറെയിൽ, കഴിഞ്ഞ നവംബർ ഏഴിന് രണ്ടു കോച്ചുകളിൽ തീപിടിത്തമുണ്ടായതിനെ തുടർന്നാണു നിലച്ചത്. സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

ഇന്നു രാവിലെ ഏഴിന് വഡാലയിൽ നിന്നും ചെമ്പുരിൽ  നിന്നും ട്രെയിൻ ഓടിത്തുടങ്ങി. രാത്രി 10 വരെയാണ് സർവീസ്. 15 മിനിറ്റ് ഇടവിട്ട് പ്രതിദിനം 130 സർവീസ് നടത്തും. അഞ്ച്, ഏഴ്, ഒൻപത്, 11 രൂപ വീതമാണ് ടിക്കറ്റ് നിരക്ക്. പഴയ നിരക്ക് തന്നെയാണിത്. രണ്ടാംഘട്ട പാതയിൽ സർവീസ് ആരംഭിച്ച ശേഷം പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

2014 ഫെബ്രുവരിയിലാണ് മോണോറെയിൽ സർവീസ് ആരംഭിക്കുന്നത്. ഇതിനകം വിവിധ സാങ്കേതിക പ്രശ്നങ്ങൾ മൂലം പലതവണ സർവീസ് മുടങ്ങി. നവംബറിൽ രണ്ട് കോച്ചിന് തീപിടിച്ചത്. പരീക്ഷണ ഓട്ടത്തിനിടെയായതിനാൽ ആർക്കും അപകടമുണ്ടായില്ല. പൂർണ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയ ശേഷമാണ് സർവീസ് ആരംഭിക്കുന്നതെന്നും എംഎംആർഡിഎ (മുംബൈ മെട്രൊപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി) അവകാശപ്പെട്ടു. രണ്ടാം ഘട്ട മോണോ റെയിൽ ഉടൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. 

രണ്ടാം ഘട്ടത്തിനു തടസ്സം റേക്കുകൾ ലഭിക്കാത്തത്

ആവശ്യമായ റേക്കുകൾ ലഭിക്കാത്തതുമൂലമാണ് രണ്ടാം ഘട്ടമായ വഡാല-ജേക്കബ് സർക്കിൾ റൂട്ട് പ്രവർത്തനമാരംഭിക്കാത്തത്. പാതയുടെ പണി പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ടം കൂടി ആരംഭിച്ചാൽ, നഷ്ടത്തിലോടുന്ന മോണോറെയിലിനെ കരകയറ്റാനാകുമെന്നാണു പ്രതീക്ഷ. 8.9 കിലോമീറ്റർ ദൂരമുളള ഒന്നാം ഘട്ട റൂട്ടിൽ പ്രതിദിനം 20,000 ൽ താഴെ യാത്രക്കാർ മാത്രമാണുളളത്. എന്നാൽ, സർവീസ് ജേക്കബ് സർക്കിൾ വരെ നീട്ടുന്നതോടെ യാത്രക്കാരുടെ എണ്ണം ഒന്നേകാൽ ലക്ഷമായി ഉയർന്നേക്കും. 

നിലവിലുളള റൂട്ടിൽ കാര്യമായി ബിസിനസ് സ്ഥാപനങ്ങളോ അനുബന്ധ യാത്രാസൗകര്യങ്ങളോ ഇല്ലാത്തതാണ് യാത്രക്കാർ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ, വഡാല-ജേക്കബ് സർക്കിൾ പാത സജ്ജമാകുന്നതോടെ മധ്യ, പശ്ചിമ റെയിൽവേ ലൈനുകളിലൂടെയും പ്രധാന റോഡുകളിലൂടെയും തുടർയാത്രാ സൗകര്യമുണ്ട്. ബിസിനസ് സ്ഥാപനങ്ങളും ഈ റൂട്ടിൽ ധാരാളം. 

രണ്ടാം ഘട്ടത്തിന്റെ ദൂരം 10.6 കിലോമീറ്ററാണ്. 11 സ്റ്റേഷനുകൾ– വ‍ഡാല ഡിപ്പോകഴിഞ്ഞാൽ ജിടിബി നഗർ, ആന്റോപ് ഹിൽ, ആചാര്യഅത്രേ മാർഗ്, വഡാല ബ്രിഡ്ജ്, ദാദർ, നായ്ഗാവ്, അംബേദ്കർ നഗർ, മിന്റ് കോളനി, ലോവർ പരേൽ, ചിഞ്ച്പോക്ലി, ജേക്കബ് സർക്കിൾ.

നഷ്ടക്കരാർ

മോണോറെയിലിന് കൂടുതൽ നഷ്ടമുണ്ടാകുന്ന തരത്തിലാണ് എംഎംആർഡിഎയുടെ പുതിയ കരാർ. സർവീസ് ഒന്നിന്, നടത്തിപ്പ് കമ്പനിക്ക് നേരത്തെ 600 രൂപ നൽകിയിരുന്ന സ്ഥാനത്ത് പുതിയ കരാർ പ്രകാരം 10,600 രൂപ നൽകണം.