ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ

റിയോ ഡി ജനീറോ∙ ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള ദേശീയ മ്യൂസിയത്തില്‍ വന്‍ അഗ്നിബാധ. ചരിത്രപ്രാധാന്യമുള്ള രണ്ടു കോടിയോളം പുരാവസ്തുക്കള്‍ കത്തി നശിച്ചുവെന്നാണു റിപ്പോര്‍ട്ട്.

കണക്കാക്കാനാവാത്ത തരത്തിലുള്ള നഷ്ടമാണുണ്ടായിരിക്കുന്നതെന്നു ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ അറിയിച്ചു. 200 വര്‍ഷത്തെ പരിശ്രമങ്ങളും ഗവേഷണവും വിജ്ഞാനവും അപ്പാടെ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ബ്രസീലില്‍ കണ്ടെടുത്ത ഏറ്റവും പഴക്കമുള്ള ഫോസില്‍ ഉള്‍പ്പെടെ നിരവധി പുരാവസ്തുക്കള്‍ മ്യൂസിയത്തിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു പോര്‍ച്ചുഗീസ് രാജകുടുംബത്തിന്റെ വസതിയായിരുന്നു ഈ കെട്ടിടം. ഈ വര്‍ഷം ആദ്യമാണ് 200-ാം വാര്‍ഷികം ആഘോഷിച്ചത്. 

അഗ്നിബാധയില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച സന്ദര്‍ശക സമയം കഴിഞ്ഞാണു തീപിടിത്തമുണ്ടായത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ മ്യൂസിയത്തെ അവഗണിക്കുന്ന നടപടിയാണു സ്വീകരിച്ചിരുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാരില്‍നിന്നു തങ്ങള്‍ക്കു സഹായം ലഭിച്ചിരുന്നില്ലെന്ന് മ്യൂസിയം അധികൃതരും കുറ്റപ്പെടുത്തി.