ബിജെപി വിരുദ്ധ മുദ്രാവാക്യത്തിൽ അറസ്റ്റ്: സോഫിയ ലോയിസിന് ജാമ്യം

സോഫിയ ലോയിസ്, തമിഴിസൈ സൗന്ദർരാജന്‍

ചെന്നൈ∙ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് പൊലീസ് അറസ്റ്റ് െചയ്ത യുവ എഴുത്തുകാരി സോഫിയ ലോയിസിനു ജാമ്യം ലഭിച്ചു. അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണു തൂത്തുക്കുടി കോടതിയിൽനിന്നു സോഫിയയ്ക്കു ജാമ്യം ലഭിച്ചത്. തൂത്തുക്കുടി വിമാനത്താവളത്തിൽ വച്ച് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദർരാജൻ കേൾക്കെ, ബിജെപിയുടെ ഫാഷിസ ഭരണം തുലയട്ടെ എന്നു മുദ്രാവാക്യം വിളിച്ചതിനാണു യുവ എഴുത്തുകാരിയും ഗവേഷണ വിദ്യാർഥിനിയുമായ സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കലാപത്തിനു പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണു സോഫിയയ്ക്കെതിരെ ചുമത്തിയത്. സോഫിയയ്ക്കു പിന്തുണയുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ഫാസിസ ഭരണം തുലയട്ടെയെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പ്രതികരിച്ചു. ബിജെപിക്കെതിരെ പറയുന്നവരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ എത്ര ലക്ഷം പേരെ അറസ്റ്റ് ചെയ്യേണ്ടിവരും? എന്നെയും അറസ്റ്റ് ചെയ്യണം. സംസ്ഥാന സർക്കാർ നടപടി ജനാധിപത്യവിരുദ്ധമാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.

മകളോടു തമിഴസൈ സൗന്ദർരാജൻ അടക്കുള്ള ബിജെപി നേതാക്കൾ മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി സോഫിയയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ സോഫിയയെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.