ഹൈദരാബാദ് നൈസാം മ്യൂസിയത്തിൽ മോഷണം; സ്വർണ പാത്രം, കപ്പ് നഷ്ടപ്പെട്ടു

ഹൈദരാബാദ്∙ പുരാനി ഹവേലിയിലെ നൈസാം മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന സ്വർണം കൊണ്ടുള്ള പാത്രം, കപ്പ്, സോസർ, സ്പൂൺ എന്നിവ മോഷണം പോയി. ഹൈദരബാദിലെ അവസാന നൈസാം ഉപയോഗിച്ചിരുന്നതാണ് ഇത്. ഞായറാഴ്ചയാണു മോഷണം നടന്നത്. തിങ്കളാഴ്ച മ്യൂസിയം തുറന്നപ്പോഴാണ് ഇവ കാണാനില്ലെന്ന വിവരം അറിയുന്നത്. അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈദരബാദ് സിറ്റി കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മ്യൂസിയത്തിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

രണ്ടു കിലോഗ്രാം തൂക്കമുള്ള സ്വർണ പാത്രത്തിനും മറ്റു സാധനങ്ങൾക്കും ഉൾപ്പെടെ ഏകദേശം 50 കോടി രൂപയാണു മൂല്യം. 1937ൽ ഭരണത്തിൽ 25 വർഷം പൂർത്തിയാക്കിയ ഏഴാം നൈസാം മിർ ഒസാമ അലി ഖാനു സമ്മാനമായി ലഭിച്ചതാണ് ഈ പാത്രം. മ്യൂസിയത്തിലെ വെന്റിലേറ്ററിലൂടെയാണു മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്. മ്യൂസിയവുമായി അടുത്ത ബന്ധമുള്ള ആരോ ആണു മോഷണത്തിനു പിന്നിലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. നൈസാമുകളുടെ വിവിധ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം 2000ത്തിലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.