ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസ്; രണ്ടു പേർ കുറ്റക്കാർ‌, മൂന്നു പേരെ വിട്ടയച്ചു

ലുംബിനി പാർക്ക് ഓപ്പൺ തിയറ്ററിലുണ്ടായ സ്ഫോടനം (ഫയൽ ചിത്രം)

ഹൈദരാബാദ്∙ 44 പേർ കൊല്ലപ്പെടുകയും 68 പേർക്കു പരുക്കേൽക്കുകയും ചെയ്ത ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ രണ്ടു പ്രതികളെ കോടതി കുറ്റക്കാരെന്നു കണ്ടെത്തി. മൂന്നുപേരെ വിട്ടയച്ചു. മുജാഹിദീൻ പ്രവർത്തകരായ അക്ബർ ഇസ്മായിൽ ചൗധരി, അനീഖ് ഷഫീഖ് സയീദ് എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഫാറൂഖ് ഷറഫുദ്ദീൻ, മുഹമ്മദ് സാദിഖ്, അൻസാർ അഹമ്മദ് എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് അഞ്ചു പേരെയും കോടതിയിൽ ഹാജരാക്കിയിരുന്നില്ല.

ഹൈദരാബാദിലെ ഗോകുൽ ചാറ്റ് എന്ന ഹോട്ടലിലും ലുംബിനി പാർക്ക് ഓപ്പൺ തിയറ്ററിലും 2007 ഓഗസ്റ്റ് 25നാണു സ്ഫോടനങ്ങളുണ്ടായത്. തെലങ്കാന പൊലീസിന്റെ കീഴിലുള്ള ഇന്റലിജൻസ് വിഭാഗമാണു കേസ് അന്വേഷിച്ചത്. ബംഗ്ലദേശിലെ ഭീകര സംഘടനയായ ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമി പാക്ക് ഭീകര സംഘടനയുടെ സഹായത്തോടെ ആസൂത്രണം ചെയ്ത് ഇന്ത്യൻ മുജാഹിദീൻ പ്രവർ‌ത്തകരെ ഉപയോഗിച്ചു നടത്തിയതാണു സ്ഫോടനങ്ങളെന്നു കണ്ടെത്തിയിരുന്നു. കേസിൽ രണ്ടു പേരെ ഇനിയും പിടികിട്ടിയിട്ടില്ല.